
രണ്ടാമത് വിവാഹം കഴിക്കാനായി ആദ്യ ഭാര്യയെ ഐപിഎസ് ഓഫീസര് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഹൈദരബാദ് സ്വദേശി ബ്രിദുല ഭാവന എന്ന 28 കാരിയാണ് ഭര്ത്താവ് വെങ്കട്ട മഹേശ്വര റെഡ്ഡിയ്ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.
ഒന്പത് വര്ഷം നീണ്ട കടുത്ത പ്രണയത്തിന് ശേഷം 2018 ലാണ് മഹേശ്വറും ബ്രിദുലയും വിവാഹം രജിസ്റ്റര് ചെയ്തത്. മഹേശ്വറാണ് തന്നോട് പ്രണയാഭ്യര്ഥന നടത്തിയത്, വിവാഹം കഴിക്കാമെന്നും അതിന് ശേഷം മാതാപിതാക്കളെ പറഞ്ഞ് സമ്മതിപ്പിക്കാമെന്നും തന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ചാണ് ഒരുമിച്ച് ജീവിതം ആരംഭിച്ചതെന്നും ബ്രിദുല വ്യക്തമാക്കി.
മസൂറിയില് പോയതിന് ശേഷം മഹേശ്വര് തന്നെ അവഗണിക്കുകയാണെന്നും മറ്റൊരു വിവാഹം കഴിക്കാന് വിവാഹമോചനത്തിന് ഭീഷണിപ്പെടുത്തുകയാണെന്നും ബ്രിദുല ആരോപിക്കുന്നു. താന് ദളിത് വിഭാഗത്തില്പ്പെട്ട വ്യക്തിയായതിനാല് മാതാപിതാക്കള് വിവാഹത്തിന് സമ്മതിക്കില്ലെന്നും സിവില് സര്വീസ് നേടികഴിഞ്ഞാല് അവരെ പറഞ്ഞ് സമ്മതിപ്പിക്കാമെന്നുമാണ് മഹേശ്വര് പറഞ്ഞതെന്നും ബ്രിദുല പറയുന്നു.
എന്നാല് സിവില് സര്വീസ് ലഭിച്ച ശേഷം ഉയര്ന്ന ജാതിയില് നിന്നും കൂടുതല് സ്ത്രീധനം ലഭിക്കുന്ന മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായി തന്നെ അവഗണിക്കുകയാണെന്നും ബ്രിദുല പറയുന്നു. വിവാഹത്തിന്റെ കാര്യം പുറത്തു പറഞ്ഞാല് കൊല്ലുമെന്നും ഭീഷണിയുണ്ട്. ഉന്നത തലത്തിലുളളവരുമായി മഹേശ്വറിന് ബന്ധമുണ്ട്. അതിനാല് തനിക്ക് സംരക്ഷണം വേണമെന്നും ഭാര്യ പറഞ്ഞു. വിവാഹമോചനത്തിന് തയാറാകാത്തതിന്റെ പേരില് തന്നെ മാനസികമായും ശാരീരികമായും മഹേശ്വര് പീഡിപ്പിക്കാറുണ്ടെന്നും ഇവര് പരാതിയില് പറയുന്നു.
2019ല് ഐപിഎസ് സെലക്ഷന് കിട്ടിയ മഹേശ്വര് നിലവില് മസൂറിയിലെ ലാല് ബഹദൂര് ശാസ്ത്രി നാഷണല് അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില് ട്രെയിനിങ്ങിലാണ്. ആന്ധ്രാപ്രദേശ് സ്വദേശിയായ മഹേശ്വറിന്റെ മാതാപിതാക്കള് കര്ഷകരാണ്. പഠനത്തില് മിടുക്കനായ മഹേശ്വര് ഐഐടി മുംബൈയില് നിന്നും ബിരുദമെടുത്തിട്ടുണ്ട്. യുപിഎസി പരീക്ഷയില് 126-ാം റാങ്കാണ് ലഭിച്ചത്
യുപിഎസി പരീക്ഷ വിജയിക്കുന്നതിന് മുന്പ് ഭര്ത്താവിനെ സാമ്പത്തികമായി സഹായിച്ചത് താനാണെന്നും. കുടുംബം പുലര്ത്താന് ജോലിയിലും വിട്ടുവീഴ്ച വരുത്തേണ്ടി വന്നു. യുപിഎസി വിജയിച്ചു കഴിഞ്ഞാല് ശോഭനമായൊരു ഭാവിയുണ്ടാകുമെന്ന് കരുതി. അതിനായി എന്ത് ത്യാഗവും സഹിക്കാന് തയാറായിരുന്നുവെന്നും ബ്രിദുല പറയുന്നു. ഓസ്മാനിയ സര്വകലാശാലയില്വച്ചാണ് ഇരുവരും ആദ്യം കാണുന്നത്.
ട്വിറ്ററിലൂടെ തങ്ങളുടെ വിവാഹഫോട്ടോയും സര്ട്ടിഫിക്കറ്റുകളും ബ്രിദുല പങ്കുവച്ചിട്ടുണ്ട്. ബ്രിദുലയുടെ പരാതിയുടെ അടിസഥാനത്തില് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.







Comments