
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം മാസവും പാചകവാതകത്തിന് വില കൂട്ടി. സിലിണ്ടറിന് 76 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം സബ്സിഡി ഇല്ലാത്ത 14.2 കിലോഗ്രാം ഭാരമുള്ള സിലിണ്ടറുകള്‍ക്ക് ഡല്‍ഹിയില്‍ 681 രൂപയും കൊല്‍ക്കത്തിയില്‍ 706 രൂപയും മുംബൈയില്‍ 651 രൂപയും ചെന്നൈയില്‍ 696 രൂപയുമാണ് വില.
എല്ലാ മാസവും ആദ്യ ദിവസം എല്‍പിജി വില പരിഷ്കരിക്കുന്നതിനാല്‍ ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. നേരത്തെ ഒക്ടോബറില്‍ എല്‍പിജി വില 15 രൂപ ഉയര്‍ത്തിയിരുന്നു. സെപ്തംബറിലും സമാനമായ രീതിയില്‍ 15.50 രൂപ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ മാസം കുത്തനെ ഉയര്‍ത്തുകയാണ് ചെയ്തത്.
കഴിഞ്ഞ നവംബറില്‍ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ റീട്ടെയില്‍ വില 939 രൂപയായിരുന്നു. ഈ നിരക്കുളുമായി താരതമ്യം ചെയ്യുമ്പോള്‍ വില ഇപ്പോള്‍ ഒരു സിലിണ്ടറിന് 250 രൂപയില്‍ താഴെയാണ്.
സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. വര്‍ധിപ്പിച്ച വില നല്‍കേണ്ടി വരുമെങ്കിലും സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേക്കെത്തും. ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള 12 സിലിണ്ടറില്‍ കൂടുതല്‍ വാങ്ങിയാല്‍ സബ്സിഡിയ്ക്ക് പുറത്തുള്ള വര്‍ധിപ്പിച്ച വില നല്‍കേണ്ടി വരും.






