
ന്യൂഡല്‍ഹി: കോടതി വളപ്പിലെ പോലീസ്-അഭിഭാഷക സംഘര്‍ഷത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. ഡല്‍ഹി തീസ് ഹസാരി കോടതി വളപ്പിലാണ് ശനിയാഴ്ച വൈകിട്ടോടെ ഏറ്റുമുട്ടല്‍ ഉണ്ടായത്. പിന്നാലെ ഡല്‍ഹി ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് വാദം ആരംഭിക്കുന്ന മൂന്നു മണിയോടെ കോടതിയില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്. ഡല്‍ഹി ബാര്‍ കൗണ്‍സിലിനും ഡല്‍ഹി ജില്ലാ കോടതികളിലെ ബാര്‍ അസോസിയേഷനുകള്‍ക്കും കോടതി നോട്ടീസ് അയച്ചു.
ഹൈക്കോടതിയിലെ മറ്റ് മുതിര്‍ന്ന ജഡ്ജിമാരുമായും ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും നിരവധി അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ 17 വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പാര്‍ക്കിംഗിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് രൂഷമായ സംഘര്‍ഷത്തിലേക്ക് നയിച്ചത്. പോലീസ് വെടിവയ്പ്പില്‍ ഒരു അഭിഭാഷകന് പരുക്കേറ്റു. ഇയാളുടെ നില ഗുരുതരമാണെന്ന് ബാര്‍ അസോസിയേഷന് പറഞ്ഞു. പോലീസ് നാല് റൗണ്ട് വെടിവച്ചു. നിരവധി പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. അഭിഭാഷകന്റെ വാഹനം പോലീസ് വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കം ഉണ്ടായത്. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.






