
കൊച്ചി: നടന് ബീനീഷ് ബാസ്റ്റിനെതിരെ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനില്‍ നിന്ന് ജാതീയമായ അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക. പ്രശ്നങ്ങള്‍ ഇവിടെ തീരുന്നു എന്നാല്‍ ഭാവിയില്‍ ആശങ്കയുണ്ടെന്നും പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് അറിയിച്ചു. അതേസമയം ഇനി അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ബിനീഷ് ബാസ്റ്റിന് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംവിധായകന് അനിലിനെതിരെ നടപടിയില്ല. അതേസമയം ബിനീഷ് ബാസ്റ്റിന് എല്ലാ പിന്തുണയും നല്‍കും. സംഭവത്തെ തുടര്‍ന്ന് സംവിധായകന് അനില്‍ രാധാകൃഷണ മേനോനോട് ഫെഫ്ക വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അനിലിനും ബിനീഷിനും കാര്യം ബോധ്യപ്പെട്ടു. അനില്‍ ബിനീഷിനോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആരുടേയും പക്ഷം പിടിക്കാന്‍ ഫെഫ്ക തയ്യാറല്ലെന്ന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് അനില്‍ രാധാകൃഷ്ണ മേനോനേയും ബിനീഷ് ബാസ്റ്റിനേയും സമവായ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു വിവാദ സംഭവമുണ്ടായത്. 'തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്ന്' അനില്‍ പറഞ്ഞതാണ് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്.
ഇതില്‍ പ്രതിഷേധനിച്ച ബിനീഷ് ബാസ്റ്റിന് വേദിയില്‍ കയറി നിലത്തിരുന്നു. സംഭവം വിവാദമായതോടെയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ അനില്‍ രാധാകൃഷ്ണ മേനോന് നേരത്തേ മാപ്പ് പറഞ്ഞിരുന്നു.






