ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിച്ച് ബി.ജെ.പി നേതാവ് വിജയ് ഗോയല്‍. ഇരട്ട അക്ക വാഹനങ്ങള്‍ക്ക് അനുമതിയുള്ള ദിവസം ഒറ്റ അക്ക എസ്.യു.വിയില്‍ സഞ്ചരിച്ചാണ് വിജയ് ഗോയല്‍ നിയമം ലംഘിച്ചത്. അശോകാ റോഡിലെ വസതിയില്‍ നിന്ന് ഐ.ടി.ഒയിലേക്ക് പോകുന്നതിനിടെയാണ് വിജയ് ഗോയല്‍ നിയമലംഘനത്തിന് പിടിയിലായത്. വിജയ് ഗോയല്‍ തന്നെയാണ് കാറോടിച്ചിരുന്നത്. ബി.ജെ.പി ഉപാധ്യക്ഷന്‍ ശ്യാം ജജുവും മറ്റ് പാര്‍ട്ടി നേതാക്കളും കാറിലുണ്ടായിരുന്നു.
വിജയ് ഗോയിന്റെ കാറ് തടഞ്ഞ ട്രാഫിക് പോലീസ്, നിയമലംഘനത്തിന് നാലായിരം രൂപ പിഴയിട്ടു. മുന്‍ വര്‍ഷങ്ങളില്‍ 2000 രൂപയായിരുന്ന പിഴ തുക നാലായിരം രൂപയായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലും വിജയ് ഗോയല്‍ നിയമലംഘനത്തിന് പിടിയിലായിട്ടുണ്ട്. അതേസമയം ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ആം ആദ്മി പാര്‍ട്ടിയുടെ ഗിമ്മിക്കാണെന്ന് വിജയ് ഗോയല്‍ ആരോപിച്ചു.
ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ 28 ശതമാനം മാത്രമാണ് വാഹനങ്ങളില്‍ നിന്നുണ്ടാകുന്നത്. അതില്‍ തന്നെ 3 ശതമാനം മാത്രമാണ് കാറുകളില്‍ നിന്നുണ്ടാകുന്നതെന്നും ഗോയല്‍ പറഞ്ഞു. ഡല്‍ഹിയിലെ മൊത്തം മലിനീകരണത്തില്‍ 0.84 ശതമാനം മാത്രമാണ് കാറുകളുടെ സംഭാവനയെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. അതായത് വായു മലിനീകരണത്തിന്റെ 99.58 ശതമാനം കാരണങ്ങളും പരിഹരിക്കാര് സര്‍ക്കാര്‍ നടപടിയില്ല-ഗോയല്‍ പറഞ്ഞു.
ഗോയല്‍ നിയമലംഘനത്തിന് പിടിയിലായതിന് പിന്നാലെ ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഘെലോട്ട് ഗോയലിന്റെ വസതിയില്‍ എത്തി അദ്ദേഹത്തിന് റോസാപ്പൂവ് സമ്മാനിച്ചു. നിയമം പാലിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായാണ് ഘെലോട്ട് ഗോയലിന്റെ വസതിയില്‍ എത്തിയത്.






