
ആലുവ: നടിയെ ആക്രമിച്ച കേസില്‍ ഇരയായ നടി നടന്റെ പേര് പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും നടിക്കായി രംഗത്ത് വന്ന ഡബ്ള്യൂസിസി എന്ന സംഘടന നടിക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും പ്രമുഖ നടന് സിദ്ദിഖ്. സംഭവത്തില്‍ നാലു മാസത്തിന് ശേഷമാണ് നടി നടന്റെ പേര് പറഞ്ഞത്. ഇത് ദുരൂഹമാണെന്നും ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ നടന് പറഞ്ഞു.
കേസില്‍ നടന് കുറ്റവാളിയാണെന്ന് കോടതി പറഞ്ഞാല്‍ മാത്രം ആ രീതിയില്‍ എടുത്താല്‍ മതിയെന്നും താരം പറഞ്ഞു. കേസില്‍ നടിക്കൊപ്പമാണ് എല്ലാവരും നില്‍ക്കുന്നത്. പ്രതികളെ മൂന്ന് ദിവസത്തിനകം പിടികൂടുകയും നടി ഇവരെ തിരിച്ചറിയുകയും ചെയ്തിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു അഭിപ്രായം പറയുകയും സാമൂഹ്യമാധ്യമങ്ങളില്‍ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയുമാല്ലാതെ ഡബ്ള്യൂസിസി നടിക്കുവേണ്ടി ഒരു സഹായവും ചെയ്തില്ല. നടിക്കൊരു ആശ്വാസമായിക്കൊള്ളട്ടെ എന്നു കരുതിയാണ് ചാനല്‍ ചര്‍ച്ചകളില്‍ ചിലര്‍ സംസാരിക്കുന്നതെന്നാണ് ചിലര്‍ തന്നോട് പറഞ്ഞു.
സ്വന്തം പ്രശസ്തിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ വിഡ്ഡിത്തം പറയുന്നവര്‍ ഡബ്ള്യൂ സിസിയില്‍ ഉണ്ട്. സംഭവത്തില്‍ നടീനടന്മാരുടെ സംഘടന നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സഹപ്രവര്‍ത്തകനെന്ന നിലയിലും സംഘടനാഭാരവാഹി എന്ന നിലയിലും ഡിജിപിയെയും മുഖ്യമന്ത്രിയേയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു.
മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടാന്‍ കാരണമായത് ഇതാണെന്നും മുഖാമുഖം പരിപാടിയില്‍ സിദ്ദിഖ് വ്യക്തമാക്കി. പോലീസുകാരുടെ മാനസീക സമ്മര്‍ദ്ദം കുറയ്ക്കാന്‍ റൂറല്‍ പോലീസ് സംഘടിപ്പിച്ച പരിപാടിയിലാണ് സിദ്ദിഖ് ഡബ്ള്യൂസിസി യ്ക്കെതിരേ ആഞ്ഞടിച്ചത്.






