
രാജ്യത്തെ ദശകങ്ങള്‍ ആകാംഷയുടെ മുള് മുനയില്‍ നിര്‍ത്തിയ അയോധ്യ ഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിക്കായി ഇന്ത്യ മാത്രമല്ല അന്താരാഷ്ട്ര സമൂഹവും കാത്തിരുന്നത് ശ്വാസമടക്കിപ്പിടിച്ച് നിശബ്ദതയോടെ. അയോധ്യയിലെ ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം പണിയാമെന്ന ഇന്ത്യയിലെ പരമോന്നത കോടതിയുടെ വിധിയെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിജയമായിട്ടാണ്. എന്നാല്‍ ഇന്ത്യയുടെ മതേതര സ്വഭാവം ഹിന്ദു ദേശീയവാദികള്‍ കടപുഴക്കുകയാണെന്ന് ആക്ഷേപമാണ് റിപ്പോര്‍ട്ടുകളില്‍ പലതിലും.
അമേരിക്കയിലെയും ബ്രിട്ടനിലെയും പാകിസ്താനിലെയും മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിലപാട് ഒന്നു തന്നെയായിരുന്നു. ദശകങ്ങള്‍ നീണ്ടു നിന്ന തര്‍ക്ക വിഷയത്തില്‍ ഇന്നലെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് തീര്‍പ്പുകല്‍പ്പിച്ചത്. ഇന്ത്യയ്ക്ക് പുറമേ വിദേശ മാധ്യമങ്ങളും വലിയ ശ്രദ്ധയാണ് വിധിക്ക് കല്പ്പിച്ചിരുന്നത്. എല്ലാ വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതാണ് എന്നിരുന്നാലും ഭരണഘടനയ്ക്ക് അനുസൃതമായിട്ടാണ് വിധി പ്രസ്താവിക്കുന്നത് എന്നായിരുന്നു വിധി പ്രസ്താവ്യത്തില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞത്.
അമേരിക്കന്‍ മാധ്യമങ്ങളുടെ ഭാഷ്യം
അയോദ്ധ്യയില്‍ കോടതി ഹിന്ദുക്കളെ പിന്തുണച്ചു. ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന മോഡിയുടെ വിജയം എന്നായിരുന്നു ചരിത്രവിധിയെ അമേരിക്കയിലെ പ്രമുഖ മാദ്ധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്. മരിയാ അബി ഹബീബും സമീര്‍ യാസിറും എഴുതിയ ലേഖനങ്ങളില്‍ വിധിയെ മോഡിയുടെ പ്രധാന വിജയങ്ങളില്‍ ഒന്നായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയെ മതേതര അടിസ്ഥാനത്തില്‍ നിന്നും ഹിന്ദു രാജ്യമാക്കി പുനര്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ മോഡിക്കും കൂട്ടര്‍ക്കും കിട്ടിയ പ്രധാന വിജയങ്ങളില്‍ ഒന്നെന്നായിരുന്നു പത്രത്തിന്റെ ഭാഷ്യം.
രാജ്യത്തെ ഏറ്റവും വലിയ മതതര്ക്കഭൂമിയില് ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതിയുടെ അനുവാദം എന്നായിരുന്നു വാഷിംഗ്ടന്‍ പോസ്റ്റ് കുറിച്ചത്. നരേന്ദ്രമോഡിയുടെ വിജയമായി ജോവാന്നാ സ്ളേറ്റര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഹിന്ദു ദേശീയവാദികള്കളെ സന്തോഷിപ്പിക്കുന്നതും ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു അയോധ്യയില്‍ ഹിന്ദുദേവന്‍ ശ്രീരാമന്റെ ക്ഷേത്രം പണിയുക എന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ അടിസ്ഥാനപരമായി ഹിന്ദു രാജ്യമാണെന്നും രാജ്യം നിര്‍മ്മിച്ചവര്‍ പ്രോത്സാഹിപ്പിച്ച മതേതരസ്വഭാവം അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് യില്‍ വലിയ വിജയം നേടിയ നരേന്ദ്രമോഡി തന്റെ അജണ്ഡയിലേക്ക് നീങ്ങുകയാണെന്നും പറയുന്നു.
വിശുദ്ധ ഭുമിയില്‍ ഹിന്ദുക്കള്‍ക്ക് നിര്‍മ്മാണം നടത്താം. ഇന്ത്യയിലെ സുപ്രീംകോടതി വിധിയെന്നാണ് സിഎന്‍എന്‍ എഴുതിയത്. രാജ്യത്തെ ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള ഭൂമിതര്‍ക്കത്തിന് പര്യവസാനം എന്നും എഴുതി.
ബ്രിട്ടീഷ് മാധ്യമങ്ങളുടെ കണ്ടെത്തല്‍
അയോദ്ധ്യാകേസില്‍ സുപ്രീംകോടതിവിധി നരേന്ദ്രമോഡിയുടെ വലിയ വിജയം എന്നാണ് ഗാര്‍ഡിയനില്‍ ഹന്നാ എല്ലിസ് പീറ്റേഴ്സണ് കുറിച്ചത്. ആറു മാസം മുമ്പ് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ മോഡിയ്ക്കും ബിജെപിയ്ക്കും കിട്ടിയ മറ്റൊരു വലിയ വിജയം എന്നും ഗാര്ഡിയന് പറയുന്നു. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുക എന്നത് ഹിന്ദു ദേശീയ വാദികളുടെ അജണ്ടയായിരുന്നെന്നും ഗാര്ഡിയന് പറയുന്നു. വിധി പ്രസ്താവ്യത്തിന് പിന്നാലെ കോടതിയില്‍ ജയ് ശ്രീറാം വിളി ഉയര്‍ന്നതായി ബിബിസിയുടെ റിപ്പോര്‍ട്ടിലും പറയുന്നു.
ലോകത്തിലെ ഏറ്റവും വിവാദഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഒടുവില്‍ പര്യവസാനം എന്നാണ് ബിബിസിയുടെ സൗത്തിക് ബിശ്വാസ് പറഞ്ഞത്. ഇന്ത്യയെ ഏറെ ബുദ്ധിമുട്ടിക്കുകയും ധ്രുവീകരിക്കുകയുമെല്ലാം ചെയ്ത തര്‍ക്കഭൂമിയാണ് ഇതെന്ന് ബിബിസി പറയുന്നു.
പാക് മാധ്യമങ്ങള്‍ പറയുന്നത്
രാജ്യത്തെ ഹിന്ദു-മുസ്ളീം ബന്ധത്തെ ബാധിക്കാന്‍ സാധ്യതയുള്ളതാണ് അയോദ്ധ്യാ വിധിയെന്നാണ് പാക് മാധ്യം ഡോണ്‍ എഴുതിയത്്. തര്‍ക്കഭൂമിയായ ബാബറി മോസ്ക്ക് ഭൂമി ഹിന്ദുക്കള്‍ക്ക് നല്കാന് സുപ്രീംകോടതി വിധി, തകര്‍ക്കപ്പെട്ട ബാബ്റി മസ്ജിദ് മാറ്റിപ്പണിയാന്‍ മുസ്ളീങ്ങള്‍ക്ക് പകരം ഭൂമിയെന്നാണ് ജിയാ ടിവി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബാബ്റി മോസ്ക്ക് ഭൂമി ഹിന്ദുക്കള്‍ക്ക് നല്കാന് ഇന്ത്യയിലെ സുപ്രീംകോടതിവിധി. ഇത് നരേന്ദ്രമോഡിയുടെ വിജയമായി എക്സ്പ്രസ്സ് ട്രിബ്യൂണ്‍ വിലയിരുത്തി. നരേന്ദ്രമോഡിക്ക് കീഴിലുള്ള ഹിന്ദു ദേശീയവാദികള്‍ക്ക് കിട്ടിയ മഹത്തായ വിജയമെന്നാണ് എക്സ്പ്രസ് ട്രിബ്യൂണ്‍ പറഞ്ഞത്.






