
അയോധ്യയിലെ Ram Mandir consecration രാമക്ഷേത്രത്തിലെ സംഭാവനകൾ കാണാതായെന്ന ആരോപണത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതിക്ക് കത്ത് അയച്ചു. സംഭാവനകളുടെ ദുരുപയോഗം സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസിയിലൂടെ അന്വേഷണം നടത്തണമെന്ന് അഭിഭാഷകൻ അനൂപ് പ്രകാശ് അവസ്തി കത്തിൽ ആവശ്യപ്പെട്ടു. സംഭാവനകളുടെ സംരക്ഷണവും സുതാര്യതയും ഉറപ്പാക്കാൻ ജുഡീഷ്യൽ മേൽനോട്ടം അനിവാര്യമാണെന്നും കത്തിൽ പറയുന്നു.
അതേസമയം, ആരോപണങ്ങളെ തുടർന്ന് ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ലക്നൗ റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരും അംഗങ്ങളാണ്. ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ടും 15 ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽ നിന്ന് സംഭാവനകൾ വെട്ടിച്ചുവെന്ന ആരോപണമാണ് ഉയർന്നത്. തുടർന്ന് ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. ലോക്കൽ പൊലീസിന്റെ അനൗദ്യോഗിക സഹായത്തോടെ നടത്തിയ പരിശോധനയിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്തതായും നഷ്ടപ്പെട്ട തുക വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊതുജന രോഷം ഉയർന്നതിനെ തുടർന്ന് ട്രസ്റ്റ് സംസ്ഥാന സർക്കാരിനെ സമീപിക്കുകയായിരുന്നു. എസ്ഐടി സംഘം ഉടൻ തന്നെ രാമക്ഷേത്രത്തിലെത്തി രേഖകൾ പരിശോധിക്കുകയും ഇതുവരെ ശേഖരിച്ച തെളിവുകൾ വിലയിരുത്തുകയും ചെയ്യും. സംഭാവന കൈകാര്യം ചെയ്തിരുന്ന ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.






