
കൊച്ചി: സംസ്ഥാന പോലീസിന്റെ പാസ്പോര്‍ട്ട് പരിശോധന അടക്കമുള്ള സുപ്രധാന ജോലികള്‍ നിര്‍വ്വഹിക്കാനുള്ള ഡേറ്റാബേസ് കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്സ് സൊസൈറ്റിക്ക് തുറന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് വിവാദം. പാസ്പോര്‍ട്ട് പരിശോധന പോലെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കാന്‍ വേണ്ടി സൊസൈറ്റി വികസിപ്പിച്ച ആപ്പിന് വേണ്ടി പോലീസ് ഡേറ്റാബേസ് ഉപയോഗിക്കാന്‍ നല്കുന്ന അനുമതി സംസ്ഥാനത്തെ മുഴൂവന്‍ പോലീസ് വിവരങ്ങളും സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ പക്കലെത്തുമെന്നാണ് വിമര്‍ശനം.
പാസ്പോര്‍ട്ട് പരിശോധന പോലെയുള്ള പോലീസിന്റെ സുപ്രധാനജോലികള്‍ സൊസൈറ്റിയുടെ ആപ്പു വഴിയാകും. ആപ്പുമായി ബന്ധപ്പെട്ട കൊച്ചിയിലെ സാധ്യതാ പഠനത്തിനായി 35 ലക്ഷം നല്കാന് ഡിജിപി ഉത്തരവ് നല്‍കിയതായാണ് വിവരം. ഇതോടെ പോലീസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് അതീവ പ്രധാന്യമുളള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാനുള്ള സ്വതന്ത്രാനുമതിയാണ് സൊസൈറ്റിക്ക് കയ്യില്‍ വരിക. ഒക്ടോബര്‍ 29 നായിരുന്നു പോലീസ് ഡേറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.
ഡേറ്റാബേസില്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നാണ് ഡിജിപി പറയുന്നത്. എന്നാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ കുറ്റവാളികള്‍ വരെയുള്ളവരുടെ മുഴൂവന്‍ വിശദാംശങ്ങളും സൊസൈറ്റിയുടെ സോഫ്റ്റ്വേര്‍ നിര്‍മ്മാണ യൂണിറ്റിന് ലഭിക്കും. അതീവ രഹസ്യഫയലുകള്‍ അടക്കം കൈകാര്യം ചെയ്യുന്ന ഡേറ്റാബേസില്‍ കയറാന്‍ നല്കുന്ന സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം സുരക്ഷാവീഴ്ചയാണെന്ന് സൈബര്‍ വിദഗ്ദ്ധര്‍ കണക്കാക്കുന്നുണ്ട്.
ഒക്ടോബര്‍ 25 നായിരുന്നു ഡേറ്റാബേസില്‍ കയറാന്‍ അനുമതിക്കായി സൊസൈറ്റി അപേക്ഷ നല്‍കിയത്. നാലു ദിവസത്തിനുള്ളില്‍ കയറാന്‍ ഡിജിപി അനുമതി നല്‍കുകയും ചെയ്തു. അതിന് ശേഷമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചത് പോലും. അതേസമയം തന്നെ 2017 ല്‍ പോലീസിലെ തന്നെ സാങ്കേതിക വിദഗ്ദ്ധര്‍ വികസിപ്പിച്ച ഇ-വിഐപി വെര്ഷന് 1.0 എന്ന തൃശൂര്‍ ജില്ലയില്‍ തുടങ്ങുകയും പിന്നീട് 19 പോലീസ് ജില്ലകളിലേക്ക് മാറ്റുകയും ചെയ്ത ആപ്പ് ഊരാളുങ്കലിന് കരാര്‍ നല്കാന് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. ഊരാളുങ്കലിന്റെ ആപ്പാകട്ടെ ഈ ആപ്പിന്റെ നവീകരിച്ച രൂപമാണ് താനും.
പാസ്പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാ മികവിന് കേരളാ പോലീസിനു വിദേശ മന്ത്രാലയത്തിന്റെ അംഗീകാരം നേടിക്കൊടുത്ത ആപ്പ് മുക്കിയാണ് ഊരാളുങ്കല്‍ സൊസൈറ്റി വികസിപ്പിച്ച ആപ്പിന് അംഗീകാരം നല്‍കിയത്. എറണാകുളത്തെ 1000 പേരുടെ പരിശോധന പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ ആപ്പ് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ടെന്‍ഡര്‍ പോലും വിളിക്കാതെ സര്‍ക്കാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സിന് പാസ്പോര്‍ട്ട് പരിശോധനാ ജോലികള്‍ പോലെ കോടികളുടെ ഇടപാട് കൈമാറിയതില്‍ പോലീസിലെ തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുമുണ്ട്.






