
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയോളമായി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു) യില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് ഒടുവില്‍ വിജയം. ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിച്ചു. ജെഎന്‍യു എക്സിക്യൂട്ടിവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിദ്യാഭ്യാസ സെക്രട്ടറി ആര് സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മറ്റ് പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്ലാസിലേക്ക് മടങ്ങാന്‍ സമയമായെന്നും ആര് സുബ്രഹ്മണ്യം തന്റെ ട്വിറ്ററില്‍ കുറിച്ചു.
ഹോസ്റ്റല്‍ ഫീസ് വര്‍ധവ് വരുന്നതിനെതിരെ ബുധനാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫീസ് വര്‍ധനവ് പിന്‍വലിച്ച് കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.
കനത്ത പ്രതിഷേധനത്തെ തുടര്‍ന്ന് എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗം ക്യാമ്പസിന് പുറത്തായിരുന്നു നടന്നത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് എബിവിപിയും രംഗത്തെത്തിയിരുന്നു.






