
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ വിശാലമായ ബെഞ്ചിലേക്ക് മാറ്റിയതോടെ ശബരിമല വിഷയം അനിശ്ചിതമായി നീണ്ടുപോകും എന്നുറപ്പായി. മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരം എന്താണ്, അത്തരം ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ ആകുമോ എന്നീ വിഷയങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്നാണ് കോടതി പറഞ്ഞത്.
സമാനമായ പ്രശ്നങ്ങള്‍ പല മതങ്ങളിലും നിലനില്‍ക്കുന്നുണ്ട്. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശിക്കുന്നതില്‍ ഉള്ള വിലക്കും, ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാ കര്‍മ്മം, പാഴ്സി ആരാധനാലയത്തില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് തുടങ്ങിയ വിഷയങ്ങളും വിശാല ബെഞ്ച് പരിഗണിക്കണമെന്നും വിധിയില്‍ പറയുന്നു. സ്വാഭാവികമായും മറ്റ മതങ്ങളും അവരുടെ ആചാരങ്ങളും തുല്യ നീതിയുമൊക്കെ കോടതിമുകളില് ഇനി വീണ്ടും ഏറ്റുമുട്ടും. ഫലത്തില്‍ സംസ്ഥാന - കേന്ദ്ര ഭരണകൂടങ്ങള്ക്കുള്പ്പെടെ എല്ലാവര്ക്കും ആശ്വാസമാണ് ഈ വിധി.
തുടക്കം മുതല്‍ സുപ്രീം കോടതിയില്‍ ശബരിമല യുവതീ പ്രവേശന വിഷയം ചീഫ് ജസ്റ്റിസ്മാരുടെ കേസാണ്. കഴിഞ്ഞ 13 വര്‍ഷത്തില്‍ പ്രധാന നടപടികളെല്ലാം വന്നത് ചീഫ് ജസ്റ്റിഡ് അധ്യക്ഷനായ ബെഞ്ചില്‍ നിന്നാണ്. പ്രധാന ഹര്‍ജികളും പുനപരിശോധനാ ഹര്‍ജികളുമായി 2006 മുതല്‍ കഴിഞ്ഞ ഫെബ്രുവരിവരെ വാദം കേട്ടത് 17 പുരുഷ ജഡ്ജിമാരും 2 വനിതാ ജഡ്ജിമാരും ആണ്.
1951 മേയ് 18 നാണ് 10 വയസിനും 55 വയസിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ സെക്രട്ടറിയുടെ അറിയിപ്പ് വരുന്നത്. തുടര്‍ന്ന് 1952 നവംബര്‍ 24 ന് ബോര്‍ഡ് സെക്രട്ടറിയെ പിന്തുണച്ച് ക്ഷേത്രാധികാരികള്‍ വിളംബരം നടത്തി. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന് സ്ത്രീകളുടെ സാമീപ്യം ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാടെ അവഗണിക്കപ്പെട്ടു. സ്ത്രീകള്‍ കൂട്ടതോടെയും കുടുംബമായും ശബരിമലയില്‍ എത്തി. കുട്ടികളുടെ ചോറൂണിനും സ്ത്രീകള്‍ ശബരിമലയില്‍ ധാരാളം എത്തി.
1990 ല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പൊതുതാത്പര്യ ഹര്‍ജിയോടെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ഔദ്യോഗികമായി വിലക്ക് വരുന്നത്. 10 വയസിനും 50 വയസിനും ഇടയില്‍ ഉള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാറില്ലെന്നത് കാലങ്ങളായി ആവര്‍ത്തിച്ച് പോരുന്ന ആചാരമാണെന്ന നിഗമനത്തിലായിരുന്നു കോടതിയുടെ വിധി. ജസ്റ്റിസ് കെഎസ് പരിപൂര്‍ണയും കെ ബാലകൃഷ്ണനും ഉള്‍പ്പെട്ട ബെഞ്ച് 1991 ഏപ്രില്‍ 5 നായിരുന്നു വിധി പുറപ്പെടുവിച്ചത്. എല്ലാ തീര്‍ത്ഥാടന കാലത്തും ഇത് നടപ്പിലാക്കണമെന്നും കോടതി ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്കി.
എന്നാല്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ ഈ വിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നില്ല. പിന്നീട് 2006 ലാണ് യുവതീപ്രവേശന വിഷയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഇടപെടല്‍ വരുന്നത്. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്റെ സെക്രട്ടറി ഭക്തി പസ്രീജ സേത്തിയാണ് സ്ത്രപ്രവേശനത്തിനായി സുപ്രീം കോടതിയെ സമീപിക്കുന്നത്.
ചീഫ് ജസ്റ്റിസ് വൈകെസബര്വാള്, ജസ്റ്റിസ് എസ്എച്ച്. കപാഡിയ, ജസ്റ്റിസ് സികെ ഠക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിലുളള ദേവസ്വംബോര്‍ഡിന്റെ എതിര്‍പ്പും കോടതി തള്ളി, പിന്നീട് 2007 ജുലൈ 11 ന് ഹര്‍ജി ജസ്റ്റിസുമാരായ എസ്ബി സിന്‍ഹ, എച്ച്എസ് ബേദി എന്നിവരടങ്ങിയ ബഞ്ചിലെത്തി. കേസില്‍ കക്ഷിചേരാന്‍ എന്‍എസ്എസിന് അനുമതി നല്‍കുകയും ചെയ്തു.
2007 ല്‍ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയതോടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. ശബരിമലയില്‍ എല്ലാവര്ക്കും തുല്യ അവകാശമാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രവേശനത്തിന് ഒരു പ്രത്യേക ദിവസം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്നും കോടതിയില്‍ വ്യക്തമാക്കി.
2008 മാര്‍ച്ച് 3 ല്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിന് ശേഷം 8 വര്‍ഷങ്ങള്‍ കഴിഞ്ഞ് 2016 ജനവരി 11 നാണ് ശബരിമല സ്ത്രീ പ്രവേശന കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വീണ്ടും വരുന്നത്. എന്നാല്‍ അന്ന് സംസ്ഥാനം ഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ നിലപാട് തിരുത്തി.അതേവര്‍ഷം ജനവരി 11 ന് സ്ത്രീപ്രവേശനം അനുവദിക്കേണ്ടെന്ന് കാണിച്ച് പുതിയ സത്യവാങ്ങ്മൂലവും നല്കി.
ഇതോടെ കേസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടായില്ല. 2016 ല്‍ ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ പിന്നാലെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് വീണ്ടും ജീവന് വെച്ചത്. 2016 ഏപ്രിലില്‍ കേസില്‍ വാദത്തിനിടെ ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഗോപാല്‍ഗൗഡയും യുവതീപ്രവേശനത്തിന് അനുകൂലമായ ചില പരാമര്‍ശങ്ങള്‍ നടത്തി. ആത്മീയത പുരുഷന്മാര്ക്ക് മാത്രം ഉള്ളതാണോയെന്ന് ദീപക് മിശ്ര ചോദിച്ചു. തുടര്‍ന്ന് രാജു രാമചന്ദ്രനെ കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ചു.
2016 ഏപ്രില്‍ 22 ന് സ്ത്രീപ്രവേശനം നിഷേധിച്ചത് അവരുടെ അന്തസിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജുലൈ 8 ന് കേസില്‍ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് പുനസംഘടിച്ചു. മൂന്നംഗ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് കുര്യന് ജോസഫിനേയും ജസ്റ്റിസ് ഗോപാലഗൗഡയെയും മാറ്റി. പകരം ജസ്റ്റിസ് ആര് ഭാനുമതിയെയും ജസ്റ്റിസ് സി. നാഗപ്പനെയും ഉള്‍പ്പെടുത്തി.
അതിനിടെ 2017 ഫിബ്രവരി 20 ന് ബെഞ്ച് വീണ്ടും പുനസംഘടിച്ചു. ജസ്റ്റിസ് നാഗപ്പനു പകരം ജസ്റ്റിസ് അശോക് ഭൂഷണ് ബെഞ്ചില്‍ അംഗമായി. ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ട് കൊണ്ട് വിധി പറയാനായി കേസ് മാറ്റിവെച്ചു. 2017 ഒക്ടോബര്‍ 13 ന് ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ട് കൊണ്ട് സുപ്രീം കോടതി ഉത്തരന് പുറപ്പെടുവിച്ചു. 2018 ജൂലൈ 17 ന് ചീഫ് സ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്, ജസ്റ്റിസ് എഎന്‍ ഖാന് വില്ക്കര്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭരണ ഘടന ബെഞ്ച് വാദം കേട്ട് തുടങ്ങി.
ഒടുവില്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് 2018 സെപ്റ്റംബര്‍ 28ന് ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ കോടതി എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് വ്യക്തമാക്കി. വിധി നടപ്പാക്കാന്‍ സര്ക്കാന് രംഗത്തെത്തിയതോടെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശബരിമലയിലും പരിസരത്തും പ്രതിഷേധങ്ങള്‍ അരങ്ങേറി.
പ്രക്ഷോഭത്തിന്റെ ഭാഗമായി 9000 ക്രിമിനല്‍ കേസുകളിലായി 27000 പേരാണ് കേരളത്തില്‍ അറസ്റ്റിലായത്.പ്രതിഷേധങ്ങള്‍ക്കിടെ 2019 ന് ജനവരി 2 ന് ബിന്ദു തങ്കം, കനഗ ദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ പ്രവേശിച്ച് സുപ്രീം കോടതി വിധി നടപ്പാക്കി. എന്നാല്‍ 2018 ഒക്ടോബര്‍ 8 ന് ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ എന്‍എസ്എസും ദേശീയ അയ്യപ്പ ഭക്ത സമിതിയും റിവ്യൂ ഹര്‍ജി നല്കി. വിധിയ്ക്കെതിരെ 49 റിവ്യൂ ഹര്‍ജികളും 4 റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 53 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്.
ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനെ തുടര്‍ന്ന് പുതിയ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അഞ്ചംഗ ബെഞ്ചില്‍ ഉള്‍പ്പെട്ടു. മറ്റ് ജഡ്ജിമാര്‍ക്ക് മാറ്റമില്ല. സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധനാ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. അതേസമയം പഴയ വിധി സ്റ്റേ ചെയ്യണമെന്നോ നിലവിലെ സ്ഥിതി തുടരണമെന്നോ വിധിയില്‍ പരാമര്‍ശമില്ല. ആരാധനാലയങ്ങളില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ പരിശോധന വേണമെന്നും ഇതിനായി വിശാലമായ ബഞ്ച് പരിഗണിക്കേണ്ടതുണ്ടെന്നും കണ്ടെത്തുകയായിരുന്നു.






