ന്യുഡല്‍ഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുണ്ടെങ്കില്‍ ശബരിമല കേസിലെ സുപ്രീം കോടതി വിധിയും അംഗീകരിക്കാന്‍ ബി.ജെ.പിയും ആര്.എസ്.എസും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ശബരിമല യുവതീ പ്രവേശനം പുനഃപരിശോധനാ ഹര്‍ജികളില്‍ ഇന്നത്തെ കോടതി വിധിയെ സംബന്ധിച്ചായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രതികരണം.
അയോധ്യ തര്‍ക്കം പോലുള്ള വിഷയങ്ങളില്‍ കോടതിയാണ് തീരുമാനം എടുക്കേണ്ടത് എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. അയോധ്യ വിധി എല്ലാ പാര്‍ട്ടികളും അംഗീകരിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും സിംഗ് പറഞ്ഞു. ബി.ജെ.പിയും ആര്.എസ്.എസും ഇതില്‍ നിന്ന് പാഠം പഠിക്കണം. അയോധ്യാ വിധി അംഗീകരിച്ചത് പോലെ ശബരിമല വിധിയും അംഗീകരിക്കണമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ വിശാല ബഞ്ചിന് വിടാന്‍ സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ് കേസ് ഏഴംഗ ബഞ്ചിന് വിട്ടത്.






