
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ ക്യാമറകൾ തുടർച്ചയായി അഞ്ചാം ദിവസവും പ്രവർത്തനരഹിതമായി. കെൽട്രോണിന് നൽകാനുള്ള തുക സർക്കാർ ഇതുവരെ കൈമാറാത്തതാണ് സേവനം തടസപ്പെടാൻ കാരണം. പ്രശ്നപരിഹാരത്തിനായി സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല.
കെൽട്രോണിന് 55 കോടി രൂപയാണ് കുടിശികയായി ലഭിക്കാനുള്ളത്. ഇതോടെ ഇന്റർനെറ്റ് സേവനദാതാക്കൾ സേവനം നിർത്തിവെച്ചിരുന്നു. മറ്റ് വരുമാന മാർഗങ്ങളിൽ നിന്ന് തുക കണ്ടെത്തി ഇന്റർനെറ്റ് സേവനദാതാക്കൾക്ക് പണം നൽകാൻ കെൽട്രോൺ ശ്രമിക്കുന്നുണ്ട്.
ഇന്റർനെറ്റ് സേവനദാതാക്കൾക്കുള്ള കുടിശികയാണ് ക്യാമറകളുടെ പ്രവർത്തനം പൂർണമായി തടസപ്പെടാൻ ഇടയാക്കിയത്. ഇതിനിടെ സർക്കാർ, മോട്ടോർ വാഹന വകുപ്പ്, ഗതാഗത അതോറിറ്റി എന്നിവർക്കിടയിൽ പണം നൽകേണ്ട ഉത്തരവാദിത്തത്തെച്ചൊല്ലി തർക്കവും തുടരുകയാണ്. പിഴയിനത്തിൽ ലഭിക്കുന്ന തുകയിൽ നിന്നാണ് കെൽട്രോണിന് പണം നൽകേണ്ടത്. എന്നാൽ ഗതാഗത അതോറിറ്റിയുടെ അക്കൗണ്ടിലേക്ക് സർക്കാർ തുക കൃത്യമായി കൈമാറുന്നില്ലെന്നാണ് അതോറിറ്റിയുടെ നിലപാട്. കരാറനുസരിച്ച് പണം നൽകേണ്ട ബാധ്യത തങ്ങൾക്കില്ലെന്നാണ് അതോറിറ്റി പറയുന്നത്. അതേസമയം, പണം ഗതാഗത അതോറിറ്റി നൽകണമെന്ന സർക്കാർ ഉത്തരവുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം.
കരാർ സംബന്ധിച്ച തർക്കം ഹൈക്കോടതിയിലെത്തിയ ശേഷമാണ് എഐ ക്യാമറ പദ്ധതിയുടെ കരാർ ഏറ്റെടുത്ത കെൽട്രോണിന് സർക്കാർ പണം നൽകിത്തുടങ്ങിയത്. 2023 ജൂൺ 22-നാണ് 675 എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചത്. 225 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. കരാർ പ്രകാരം മൂന്ന് മാസത്തിലൊരിക്കൽ 11 കോടി രൂപ കെൽട്രോണിന് നൽകണം. ധനവകുപ്പിന്റെ സംശയങ്ങളെ തുടർന്ന് തുടക്കത്തിൽ പണം അനുവദിച്ചിരുന്നില്ല. പിന്നീട് ഗതാഗത കമ്മീഷണറുടെ വിശദമായ റിപ്പോർട്ടിനെ തുടർന്നാണ് തുക അനുവദിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരി വരെയാണ് അവസാനമായി പണം ലഭിച്ചത്. നിലവിൽ 55 കോടി രൂപയാണ് കെൽട്രോണിന് ലഭിക്കാനുള്ളത്.






