
നെതര്‍ലന്‍ഡ്സിലെ ഐന്ധോവന് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് ലോറന്റ് സൈമന്‍സ്. ഇതില്‍ എന്താണ് പ്രത്യേകതയെന്നല്ലേ..?. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് ലോറന്റ് ഇവിടെ വിദ്യാര്ത്ഥിയായിരിക്കുന്നത്. ഡിസംബറില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ബിരുദം നേടുന്ന വ്യക്തി എന്ന നേട്ടം ലോറന്റ് സ്വന്തമാക്കും.
ഒമ്പത് മാസത്തിനുള്ളിലാണ് ലോറന്റ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നാലാം വയസിലാണ് ലോറന്റ് സ്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്. 12 മാസത്തിനുള്ളില്‍ അഞ്ച് കൊല്ലത്തെ പഠനം പൂര്‍ത്തിയാക്കിയ ലോറന്റിനെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനോടും സ്റ്റീഫന്‍ ഹോക്കിങ്ങിനോടുമാണ് താരതമ്യപ്പെടുത്തിയിട്ടുള്ളത്. നാല് ഭാഷകളും ലോറന്റിന് അറിയാം. കൃത്രിമാവയവങ്ങളെ കുറിച്ചും റോബോട്ടിക്സിനെ കുറിച്ചുമുള്ള ഉന്നതപഠനത്തിനാണ് ലോറന്റ് ഇപ്പോള്‍ തയ്യാറെടുക്കുന്നതെന്ന് പിതാവ് അലക്സാന്‍ഡര്‍ പറഞ്ഞു.
എട്ടാം വയസില്‍ സെക്കന്‍ഡറി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ലോറന്റിന് ബഹിരാകാശ യാത്രികനോ ഹൃദയശസ്ത്രക്രിയാ വിദഗ്ധനോ ആകാനാണ് ആഗ്രഹം. കാലിഫോര്‍ണയയില്‍ പഠനം തുടരാനാണ് ലോറന്റിന് താല്പര്യം. ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലോ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലോ ലോറന്റിന് പഠനസൗകര്യമൊരുക്കാനാണ് ലോറന്റിന്റെ പിതാവ് അലക്സാന്‍ഡറിന്റെ തീരുമാനം. ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ നിന്ന് ഉന്നത ബിരുദപഠനത്തിനുള്ള വാഗ്ദാനവും ലോറന്റിന് ലഭിച്ചു കഴിഞ്ഞു.






