
എന്തുകൊണ്ടാണ് ആ സെഞ്ച്വറി മിസ്സാകാന്‍ കാരണം ലോകകപ്പ് നേടി എട്ടു വര്‍ഷം കഴിഞ്ഞിട്ടും 2011 ലെ ഫൈനലില്‍ മൂന്ന് റണ്‍സ് പിറകില്‍ നഷ്ടമായ ആ സെഞ്ച്വറിയെ കുറിച്ച് ഇപ്പോഴും ആള്ക്കാര് ചോദിക്കാറുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാനും എംപിയുമായ ഗൗതംഗംഭീര്‍.
അനായാസം തികയ്ക്കാന്‍ കഴിയുമായിരുന്ന ആ സെഞ്ച്വറി നശിപ്പിച്ചത് ടീമിന്റെ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോനി ആയിരുന്നെന്നും വ്യക്തിഗത സ്കോറിനെ കുറിച്ച് ചിന്തിക്കാതെ ശ്രീലങ്കന്‍ ടീം ഉയര്‍ത്തിയ ലക്ഷ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന തന്റെ ശ്രദ്ധ പെട്ടെന്ന് തെറ്റിച്ചത് ഇന്ത്യന്‍ നായകനായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു.
ഇന്ത്യ രണ്ടാം വട്ടം ഏകദിന ലോകകപ്പ് നേടിയ 2011 ല്‍ ആയിരുന്നു ഗംഭീര്‍ 97 ന് പുറത്തായത്്. ഫൈനലില്‍ നിര്‍ണ്ണായകമായത് 109 റണ്‍സ് അടിച്ചു കൂട്ടിയ ധോനി ഗംഭീര്‍ കൂട്ടുകെട്ടായിരുന്നു. 122 പന്തുകളില്‍ നിന്നുമാണ് ഗംഭീര്‍ 97 റണ്‍സ് അടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് പിന്തുടരുമ്പോള് ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് ടീമിന്റെ നിര്‍ണ്ണായക ഘടകമായി. ലങ്കന്‍ സ്കോര്‍ പിന്തുടരുമ്പോള് ടീമിനെ ജയിപ്പിക്കുന്നത് മാത്രമായിരുന്നു ഗംഭീര്‍ ശ്രദ്ധിച്ചിരുന്നത്. വ്യക്തിഗത നേട്ടത്തെക്കുറിച്ച് ചിന്തിക്കാതെ ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ 97 ല്‍ എത്തിയപ്പോള്‍ ധോനി എത്തി മൂന്ന് റണ്‍സ് കൂടി നേടിയാല്‍ സെഞ്ച്വറിയായി അത് വേഗം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു.
അതോടെ കളിയിലെ ശ്രദ്ധപോയെന്നും പിന്നീട് സെഞ്ച്വറി തികയ്ക്കുന്നതിലേക്ക് ശ്രദ്ധമാറുകയും ചെയ്തതോടെ മൂന്നക്കത്തിന് മൂന്ന് റണ്‍സ് പിറകില്‍ തിസാര പെരേരയുടെ പന്തില്‍ പുറത്തായി. എന്തിനായിരുന്നു അത്ര തിടുക്കമെന്ന് പിന്നീട് പല തവണ സ്വയം ചോദിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ ലക്ഷ്യം സെറ്റായ ശേഷം 97 എത്തും മുമ്പ് വരെ വ്യക്തിഗത നേട്ടത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സംഭവത്തെക്കുറിച്ച ഗംഭീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ''ആ ഓവര്‍ പൂര്ത്തിയാപ്പോള് ധോനി പറഞ്ഞു. ഇനി വേണ്ടത് മൂന്ന് റണ്‍സ് കൂടിയാണ്. അത് വന്നാല്‍ നിങ്ങളുടെ സെഞ്ച്വറി പൂര്‍ത്തിയാകും.'' നായകന്റെ വാക്കു കേട്ടതിന് ശേഷം പിന്നീട് ചിന്ത അതിനെ കുറിച്ചായി. ''മനസ്സ് പെട്ടെന്ന് വ്യക്തിഗത മികവിനെക്കുറിച്ചും സ്കോറിനെ കുറിച്ചും ചിന്തിക്കാന്‍ തുടങ്ങി. ഇതിന് മുമ്പ് വരെ ലങ്കന്‍ സ്കോറായിരുന്നു ചിന്തയില്‍. അങ്ങിനെ ചിന്തിച്ചിരുന്നെങ്കില്‍ സെഞ്ച്വഹി അനായാസം നേടാമായിരുന്നു.'' ഗംഭീര്‍ പറയുന്നു.
ഡ്രസ്സിംഗ് റൂമിലേക്ക് പോകുമ്പോള്‍ ആ മൂന്ന് റണ്‍സ് തന്നെ ശിഷ്ടജീവിതത്തില്‍ കുഴപ്പത്തില്‍ ചാടിച്ചെന്നു തിരിച്ചറിഞ്ഞതായും ഇപ്പോഴും ആ മൂന്ന് റണ്‍സ് എടുക്കാന്‍ കഴിയുമായിരുന്നില്ലേ എന്ന് ആള്ക്കാര് ചോദിച്ചു കൊണ്ടിരിക്കുന്നതായും ഗംഭീര്‍ പറഞ്ഞു. 114 ന് 3 എന്ന നിലയില്‍ പരുങ്ങുമ്പോഴായിരുന്നു ധോനിയും ഗംഭീറും ക്രീസില്‍ ഒരുമിക്കുന്നത്. ഇത് പിന്നീട് ഇന്ത്യയുടെ കപ്പ് നേട്ടത്തില്‍ നിര്‍ണ്ണായകമായി മാറുകയും ചെയ്തു.





