ബംഗളുരു: കര്‍ണാടകയില്‍ ജെ.ഡി.എസ് ബി.ജെ.പിയുമായി അടുക്കുന്നു. ബി.ജെ.പിയുമായി യോജിക്കുന്നതില്‍ ജെ.ഡി.എസിന് വിമുഖതയില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുമാരസ്വാമിയുടെ പ്രസ്താവനയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു.
15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കില്‍ ബി.ജെ.പി സര്‍ക്കാര്‍ വീഴും. ഈ പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ പ്രസ്താവന. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്. മഹാരാഷ്ട്രയില്‍ മൃദുഹിന്ദുത്വമാണ് ബി.ജെ.പി പിന്തുടരുന്നത്. എന്നാല്‍ ശിവസേനയുടേത് തീവ്രഹിന്ദുത്വ നിലപാടാണ്. ശിവസേനയേക്കാള്‍ ദേദം ബി.ജെ.പിയാണെന്നും കുമാരസ്വാമി പറഞ്ഞു. വേണ്ടി വന്നാല്‍ അവരെ പിന്തുണയ്ക്കുമെന്നും കുമാരസ്വാമി പറഞ്ഞു. ഇപ്പോള്‍ ശിവസേനയുമായി കൂട്ടുകൂടുന്നവര്‍ അന്ന് ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ പരിഹസിക്കരുതെന്നും കുമാരസ്വാമി പറഞ്ഞു.
ബി.ജെ.പിയിലേക്ക് കൂറുമാറിയ 15 എം.എല്‍.എമാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാരില്‍ 13 പേര്‍ക്കും ബി.ജെ.പി സീറ്റ് നല്‍കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.എസ് ബി.ജെ.പി മുന്നണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് ബലം പകരുന്നതാണ് കുമാരസ്വാമിയുടെ പ്രതികരണം.
കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യത്തിന് താല്‍പ്പര്യമില്ലെന്ന് ജെ.ഡി.എസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ വിമത നീക്കം സഖ്യ സര്‍ക്കാരിന് വീഴ്ത്തിയതിന് പിന്നാലെയാണ് ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യം പിരിഞ്ഞത്. ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ജെ.ഡി.എസിന്റെ തീരുമാനവും കുമാരസ്വാമിയുടെ ബി.ജെ.പി അനുകൂല പ്രസ്താവനയും ഏറെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.






