കോഴിക്കോട്: മാവോയിസ്റ്റ്-യു.എ.പി.എ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്ന് കാനം പറഞ്ഞു. ലൈബ്രറിയില്‍ രാമായണവും മഹാഭാരതവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത് എങ്ങനെ കുറ്റകരമാകുമെന്ന് ചോദിച്ച കാനം യു.എ.പി.എ ചുമത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവ് ചമയ്ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ആരോപിച്ചു.
പോലീസിന്റെ നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ഇടതുപാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ പാടില്ലെന്നും കാനം പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരെ വെടിയുണ്ട കൊണ്ടല്ല നേരിടേണ്ടത്. ഭീഷണിയെന്ന് വരുത്തി തീര്‍ക്കുന്നത് പോലീസിന്റെ താല്‍പ്പര്യമാണ്. ചീഫ് സെക്രട്ടറിയും ഇതേ വാദമാണ് ഏറ്റെടുത്തത്. എഴുന്നേറ്റ് നില്ക്കാനാകാത്തവരെ കൊടുംഭീകരരായി ചിത്രീകരിക്കുകയാണെന്നും കാനം പറഞ്ഞു. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെ പിതാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കാനം.
മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മില്‍ കൂട്ടുകെട്ട് ഉണ്ടോയെന്ന് തനിക്ക് അറിയില്ലെന്ന് കാനം പറഞ്ഞു. പോലീസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റകാരെ തനിക്ക് ബഹുമാനമില്ലെന്നും കോഴിക്കോട് നടന്ന യു.എ.പി.എ വിരുദ്ധ സെമിനാറില്‍ കാനം പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് ആരോപിച്ചിരുന്നു.






