
കോഴിക്കോട്: അയോദ്ധ്യാക്കേസില്‍ രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് കരുത്തു നല്‍കുന്നതാണ് വിധിയെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അഞ്ചംഗ ബഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നില കൊള്ളുന്നതില്‍ വന്ന പരാജയമാണ് വെളിപ്പെടുത്തുന്നതെന്നും ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെുന്നതായി ആശങ്ക ഉയരുന്നെന്നും പറയുന്നു.
ദേശാഭിമാനിയില്‍ എഴുതിയ 'സുപ്രീംകോടതിയില്‍ സംഭവിക്കന്നതെന്ത്' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് പ്രകാശ് കാരാട്ടിന്റെ ഈ വിമര്‍ശനം. സ്വേച്ഛാധിപത്യ ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉത്കണ്ഠയ്ക്ക് വിഷയമാകുന്നു എന്നും പറയുന്നു.
വിധിന്യായത്തിന്റെ ആകത്തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണ്. ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. എക്സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരും ദിവസങ്ങളില്‍ ജുഡീഷ്യറിക്ക് ദോഷകരമാകുമെന്നും വിമര്‍ശിക്കുന്നുണ്ട്. വിരമിച്ച ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഗോഗോയി ചീഫ് ജസ്റ്റീസായിരുന്ന കാലത്ത് സുപ്രീംകോടതി വിശ്വാസത്തിന്റെയും മറ്റും കാര്യങ്ങളില്‍ ഭൂരിപക്ഷ വാദത്തോട് സന്ധി ചെയ്തു എക്സിക്യൂട്ടീവിന് കൂടുതലായും വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടായതെന്നും പറയുന്നു.
പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരമുള്ള കാര്യങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ അടിവരയിടുന്നത്. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ആദ്യ ആദ്യ പരാജയം സംഭവിച്ചത്. അടുത്തകാലത്ത് ജമ്മു കശ്മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതില്‍ കോടതി പരാജയപ്പെട്ടെന്നും പറയുന്നുണ്ട്.






