
ഹിന്ദി സീരിയലുകളിലെ മിന്നും താരമാണ് നിയ ശര്‍മ. നിയയുടെ സീറോ സൈസ് ഫിഗര്‍ തന്നെയാണ് താരത്തിനെ 2017-ലെ ടോപ് 50 സെക്സിയസ്റ്റ് വുമണ്‍ പട്ടികയിലിടം പിടിയ്ക്കാന്‍ കാരണമാക്കിയത്. തന്റെ അഴക് നിലനിര്‍ത്താന്‍ താന്‍ വലിയ രീതിയില്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പലപ്പോഴും നിയ തുറന്നു പറഞ്ഞിട്ടുണ്ട്. ശരീര ഭാരം ഒരു പോലെ തന്നെ നിലനിര്‍ത്താന്‍ പട്ടിണി കിടക്കുക കൂടി താരം ചെയ്തിട്ടുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കുക എന്ന ചിന്ത നിയയെ കൊണ്ടെത്തിച്ചത് ഈറ്റിങ് ഡിസോര്ഡറിലേക്കാണ്.
തനിക്ക് സംഭവിച്ചതു പോലെയുള്ള അബദ്ധങ്ങള്‍ ഒരിക്കലും മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിക്കരുതെന്ന് ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും നിയ വ്യക്തമാക്കുന്നു. ശരീര ഭാരം കൂടുമോ, ബോഡിഷെയ്പ്പ് നഷ്ടപ്പെടുമോ എന്ന ഭയത്താന്‍ ശരീരഭാരം ഒരു കിലോ കൂടിയാല്‍ പോലും താന്‍ കോപത്താല്‍ തിളയ്ക്കുമായിരുന്നുവെന്ന് നിയ പറയുന്നു. മെലിയാനുള്ള ആഗ്രഹം ഭ്രാന്തായി മാറിയത് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് താന്‍ പട്ടിണി കിടക്കാന്‍ ആരംഭിച്ചതോടെയാണെന്നും, വണ്ണം വയ്ക്കുമെന്ന് ഭയന്ന് തുടര്‍ച്ചയായി ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും ഒഴിവാക്കി പ്രോട്ടീന്‍ ഷെയ്ക്കുകളില്‍ മാത്രം അഭയം പ്രാപിച്ചിരുന്നുവെന്നും നിയ പറയുന്നു.
ആരോഗ്യപരമായ ഡയറ്റ് കൃത്യമായി പിന്തുടരുകയും പിന്നെ അതെല്ലാം ലംഘിച്ച് ഭക്ഷണത്തോട് ആസക്തി തോന്നി കണ്ണില്‍ക്കാണുന്നതെല്ലാം വാരിക്കഴിക്കുന്ന ഈറ്റിങ് ഡിസോര്‍ഡറും തനിക്കുണ്ടായിരുന്നുവെന്നും. ജങ്ക് ഫുഡ് എല്ലാം കഴിച്ചതിനു ശേഷം പിന്നീട് അതിയായ കുറ്റബോധം തോന്നുമായിരുന്നുവെന്നും നിയ പറയുന്നു. കാര്യങ്ങള്‍ കൈവിട്ടു പോയപ്പോള്‍ രക്ഷക്കെത്തിയത് സുഹൃത്തുക്കളായിരുന്നെന്നും സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായിരുന്ന അര്ജുന് ബിജ്ലാനിയും രവി ഡുബേയും ഏറെ പരിശ്രമിച്ചാണ് തന്റെ ദുശ്ശീലങ്ങള്‍ മാറ്റിയെടുത്തതെന്നും നിയ പറയുന്നു.
'' ഇത്തരം അനാരോഗ്യപരമായ ഭക്ഷണ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ദയവായി അത് അവസാനിപ്പിക്കുക. ആരോഗ്യമുള്ള ഭക്ഷണം പോലെ തന്നെ പ്രധാനമാണ് കൃത്യമായ വ്യായാമവും. ഇതു രണ്ടും തുല്യമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോയാലേ ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കൂ. നല്ല ഭക്ഷണസാധനങ്ങള്‍ കഴിക്കുകയും അതോടൊപ്പം തന്നെ വര്‍ക്കൗട്ട് ചെയ്യുകയും വേണം. ഈറ്റിങ് ഡിസോര്‍ഡര്‍ തിരിച്ചറിഞ്ഞതുകൊണ്ടും പരിഹരിച്ചതു കൊണ്ടുമാണ് എനിക്ക് അത്തരം പ്രശ്നങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞത്'' - നിയ പറയുന്നു.






