
ലുധിയാന: കമിതാക്കള്‍ ഒളിച്ചോടിയതിന്റെ പക തീര്‍ക്കാന്‍ യുവാവിന്റെ സഹോദരനായ 16കാരനെ യുവതിയുടെ ബന്ധുക്കള്‍ കത്തിച്ചുകൊന്നു. പഞ്ചാബിലെ മാന്‍സയില്‍ ശനിയാഴ്ചയാണ് സംഭവം.
ഉപേക്ഷിക്കപ്പെട്ട അരിമില്ലിന്റെ തൂണില്‍ കെട്ടിയിട്ട ശേഷമാണ് പതിനാറുകാരനായ ജസ്പ്രീതിനെ പെട്രോളൊഴിച്ച് ചുട്ടുകൊന്നത്. കൊല്ലപ്പെട്ടയാളും അക്രമികളും ദളിത് വിഭാഗത്തില്‍പെട്ടവരാണ്. അക്രമികള്‍ മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു.
ജസ്പ്രീതിന്റെ സഹോദരന് കുല്‍വിന്ദര്‍ സിംഗ് രണ്ടര വര്‍ഷം മുന്‍പാണ് ജാഷന്‍ എന്നയാളുടെ സഹോദരി രാജോ കൗറുമായി ഒളിച്ചോടിയത്. നാടുവിട്ട ഇവര്‍ വിവാഹിതരായി ബുദ്ധ്ലദയിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഒരു വയസ്സുള്ള കുട്ടിയുമുണ്ട്. നാടുവിട്ട ശേഷം ഒരിക്കല്‍ പോലും ഇവര്‍ നാട്ടിലെത്തിയിരുന്നില്ല. സഹോദരിയും കുല്‍വിന്ദറും നാട്ടില്‍ തിരിച്ചെത്തുന്നതിനെ ജാഷന്‍ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം ജാഷനെ വെല്ലുവിളിച്ച ജസ്പ്രീത്, കുല്‍വിന്ദര്‍ നാട്ടില്‍ എത്തി തങ്ങള്‍ക്കൊപ്പം താമസിക്കുമെന്ന് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ വെള്ളിയാഴ്ച ജസ്പ്രീതിനെ വീട്ടില്‍ നിന്നും ജാഷനും ബന്ധു ഗുര്‍ജീത്, സുഹൃത്ത് രാജു എന്നിവര്‍ വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് പിതാവ് സുരത് സിംഗ് പറയുന്നു. മകനെ ഏറെകഴിഞ്ഞിട്ടും കാണാതെ വന്നതോടെ സുരത് സിംഗ് പോലീസിന് പരാതി നല്കി. പോലീസിന്റെ തെരച്ചിലിലാണ് ജസ്പ്രീതിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഞായറാഴ്ച സംസ്കരിച്ചു.






