
കര്‍ണാടകയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും ബി.ജെ.പി നേതൃത്വത്തിന്റെ ചാണക്യബുദ്ധി പിഴച്ചതോടെ പാര്‍ട്ടിക്കകത്തെ അസ്വസ്ഥത കൂടുതല്‍ രൂക്ഷമായേക്കും. നിലവില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും പാര്‍ട്ടിയില്‍ എതിര്വാക്കില്ലെങ്കിലും ഇനിയും പരാജയം തുടര്‍ന്നാല്‍ അസ്വസ്ഥവിഭാഗം സമ്മര്‍ദ്ദശക്തിയായി മാറുമോയെന്നും നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. 80 മണിക്കൂര്‍മാത്രം അധികാരത്തിലിരുന്ന് രാജിവച്ചൊഴിയേണ്ടി വന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അസ്വസ്ഥനാണ്.
കേന്ദ്ര നേതൃത്വത്തെ കുറ്റപ്പെടുത്താതെ സ്വയം ഏറ്റെടുക്കാനാണ് ഫട്നാവിസ് ശ്രമിച്ചതെങ്കിലും വാക്കില്‍ അസ്വസ്ഥത പ്രകടം. അജിത് പവാറുമായി കൂട്ടുചേര്‍ന്നത് ദോഷമായോയെന്നത് ഭാവിയില്‍ പരിശോധിക്കപ്പെടുമെന്ന അദ്ദേഹത്തിന്റെ പ്രതികരണവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ ആദ്യവട്ടം അധികാരത്തിലേറി പരാജയപ്പെട്ട ശ്രമങ്ങള്‍ക്ക് പുര്‍ണമായും ചരടുവലിച്ചത് മുഖ്യമന്ത്രി യെദിയൂരപ്പയായിരുന്നെങ്കില് മഹാരാഷ്ട്രയിലെ പാതിരാനാടകത്തിന് ചരടുവലിച്ചത് മോഡി-ഷാ ടീം തന്നെയായിരുന്നു.
ഷായുടെ വിശ്വസ്തരായ കേന്ദ്രനേതാക്കള്‍ മഹാരാഷ്ട്രയില്‍ ക്യാമ്പ് ചെയ്താണ് രഹസ്യ ചര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്നത്. പാതിരാത്രിയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേരാതെയാണ് മോഡി, പ്രധാനമന്ത്രിയുടെ വിശേഷാല്‍ അധികാരം വിനിയോഗിച്ച് രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുള്ള ശിപാര്‍ശ രാഷ്ട്രപതിയ്ക്കു െകെമാറിയത്. ഇതിനായി കാത്തിരുന്നത് പോലെ പുലര്‍ച്ചെതന്നെ രാഷ്ട്രപതി അംഗീകാരവും നല്കി. ഗവര്‍ണറുടേയും രാഷ്ട്രപതിയുടേയും ഇടപെടലുകളെ സുപ്രീംകോടതി പരാമര്‍ശിച്ചില്ലെങ്കിലും ഉന്നത അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവരുടെ ചെയ്തികളിലെ ധാര്‍മ്മികത ചോദ്യംചെയ്യപ്പെടും.
പാര്‍ട്ടിക്കകത്ത് ഈ രീതിയ്ക്കെതിരേ അഭിപ്രായവ്യത്യാസമുള്ളവരുമുണ്ട്. പക്ഷേ, മോഡി- ഷാ കൂട്ടുകെട്ട് അത്രമേല്‍ ശക്തമായിരിക്കെപരസ്യമായി പ്രകടിപ്പിക്കാന്‍ സാഹചര്യമില്ലെന്നുമാത്രം. പാര്‍ട്ടിയുടെ അധികാരഘടനയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, ശിവ്രാജ് സിങ് ചൗഹാന് തുടങ്ങിയ നേതാക്കളൊക്കെ അവസരം ഒത്തുകിട്ടിയാല്‍ മോഡി- ഷാ കൂട്ടുകെട്ടിനെതിരേ രംഗത്തെത്തുമെന്ന് ഉറപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയങ്ങള്‍ സമ്മാനിക്കുന്നുവെന്നതാണ് മോഡിയുടെ അപ്രമാദിത്വത്തിനു കാരണം. ഹരിയാനയില്‍ കഷ്ടിച്ച് അധികാരം നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും മഹാരാഷ്ട്രയില്‍ െകെവിട്ടത് മോഡി-ഷാ കൂട്ടുകെട്ടിനെ പ്രതിസന്ധിയിലാക്കും.
നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ ഫലം അതുകൊണ്ട് തന്നെ ഇവര്‍ക്ക് നിര്‍ണായകവുമാണ്. മോഡി ഒപ്പമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ലെന്ന ധാരണയ്ക്കുള്ള തിരുത്ത് കൂടിയാണ് മഹാരാഷ്ട്രാ നാടകത്തിലെ വഴിത്തിരിവ്. ശിവസേന കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം തകൃതിയായി നടത്തിയിട്ടും ബി.ജെ.പി. കേന്ദ്ര നേതൃത്വം ഇടപെടാതിരുന്നത് ദേവേന്ദ്ര ഫട്നാവിസിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനാണെന്ന് അഭ്യൂഹം പരന്നിരുന്നു. കാവി രാഷ്ട്രീയത്തില്‍ €ീന് ഇമേജോടെ വളരെ വേഗം ഉയര്‍ന്നുവന്ന ഫട്നാവിസിനെ ഒതുക്കാന്‍ ഷായും നിതിന്‍ ഗഡ്കരിയും െകെകോര്ത്തുവെന്ന സൂചനകളും പുറത്തുവന്നു.
മോഡിക്കുശേഷം ആരെന്നതിന് ഉത്തരമായി ഫട്നാവിസിനു നേരേയും ആര്.എസ്.എസിന്റെ വിരല്‍ ചൂണ്ടിയേക്കാമെന്ന സംശയമാണ് ഷായ്ക്കും ഗഡ്ക്കരിക്കും ആശങ്കയ്ക്കു കാരണം. എന്നാല്‍ അപ്രതീക്ഷിത നീക്കമായ പാതിരാ നാടകത്തിലൂടെ ഫട്നാവിസ് അധികാരത്തിലേറിയത് കേന്ദ്ര നേതൃത്വത്തിന്റെ നിശബ്ദ ഇടപെടലുകളുടെ ഫലമായി വിലയിരുത്തപ്പെട്ടു.എന്നാല്‍ എണ്‍പത് മണിക്കൂര്‍മാത്രം അധികാരത്തിലുന്ന് പടിയിറങ്ങേണ്ടിവന്നതോടെ നഷ്ടമാകുന്നത് ഫട്നാവിസിന്റെ €ീന് ഇമേജ് കൂടിയാണ്. ഷായും ഗഡ്ക്കരിയും ആഗ്രഹിച്ചതും ഇതുതന്നെയാണോയെന്ന സംശയവും ഉയരുന്നതും പാര്‍ട്ടിയിലെ അധികാരവടംവലിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ്.
എന്‍.സി.പിയിലാണെങ്കില്‍ മകളും മരുമകനും തമ്മിലുള്ള അധികാര വടംവലിയില്‍ അസ്വസ്ഥനായിരുന്നു ശരദ് പവാര്‍. മരുമകന് അജിത് പവാറിനാണ് പാര്‍ട്ടിയില്‍ സ്വാധീനമെന്നായിരുന്നു പൊതു വിലയിരുത്തലും. എന്നാല്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും അജിത് പവാറിനൊപ്പം രണ്ട് എം.എല്‍.എമാര്‍ മാത്രമാണ് പോയതെന്നതിലൂടെ സ്വാധീനം ആര്‍ക്കാണെന്ന് തെളിയിക്കാനും പവാറിനായി. പവാറിന് ശേഷം പാര്‍ട്ടിയുടെ നിയന്ത്രണം ആര്‍ക്കെന്ന ഉത്തരത്തിലേക്ക് നീട്ടുന്ന ചോദ്യ ചിഹ്നമായി അജിത് പവാറിന്റെ രാജി മാറുന്നതോടെ മഹാരാഷ്ട്രാ നാടകത്തിലെ അരങ്ങിലെത്താത്ത രംഗങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവുമാകും.
തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ ശിവസേനയുമായുള്ള കൂട്ടുകെട്ടിനെ എങ്ങിനെ ന്യായീകരിക്കുമെന്നറിയാത്ത അവസ്ഥയിലായിരുന്ന കോണ്‍ഗ്രസിന് നിലനില്‍പ്പിനുള്ള അവസരവും ഒത്തുകിട്ടി. രാഷ്ട്രീയ ധാര്‍മികത കാറ്റില്‍പറത്തി അധികാരത്തിലേറിയ ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഇനി കോണ്‍ഗ്രസിന് ചൂണ്ടിക്കാട്ടാം. മാത്രമല്ല, മഹാരാഷ്ട്രയിലെ പ്രതിപക്ഷ ഐക്യം പാര്‍ലമെന്റിലും പുറത്തും കൂടുതല്‍ ശക്തിയോടെ പ്രകടമാകുമെന്ന് ഉറപ്പായതോടെ ബി.ജെ.പിക്ക് വിയര്‍ക്കേണ്ടിവരും. നിര്‍ണായകമായ ഒട്ടേറെ ബില്ലുകള്‍ ഈ പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ പാസാക്കിയെടുക്കാന്‍ ഒരുങ്ങുന്ന ബി.ജെ.പിയ്ക്ക് രാജ്യസഭയിലെ ഭുരിപക്ഷമില്ലായ്മ തികഞ്ഞ വെല്ലുവിളിയാണ്. ഇതിനൊപ്പം പ്രതിപക്ഷ ഐക്യവും ശക്തിപ്പെട്ടാല്‍ സര്‍ക്കാര്‍ സഭയില്‍ കുഴങ്ങുമെന്നും ഉറപ്പ്.






