
ആദ്യ വിവാഹം ഒരു പരാജയമാകുമ്പോള്‍ പലരെങ്കിലും മറ്റൊരു വിവാഹം കഴിക്കാന്‍ മടിക്കാറുണ്ട്. എന്നാല്‍ രണ്ടാം വിവാഹത്തിന് തയ്യാറായെങ്കിലോ ഓഹ് രണ്ടാം കെട്ടല്ലേ അപ്പോപ്പിനെ വല്ല്യേ പരിപാടിയൊന്നും വേണ്ടല്ലോ ? എന്നാണ് പലരുടെയും ചോദ്യം. ഈ ചോദ്യം കേള്‍ക്കേണ്ടല്ലോ എന്ന കരുതി പലരും രണ്ടാം വിവാഹം രഹസ്യമായി നടത്തിവരുന്നുവരുണ്ട്.
ഇതുപോലെ രണ്ടാം വിവാഹത്തിന് തയ്യാറെടുത്തപ്പോള്‍ തനിക്കുണ്ടായ ഇതേ അനുഭവം രസകരമായി പങ്ക്വെക്കുകയാണ് ജിമ്മി ജോണ്‍ എന്ന യുവാവ്. ആദ്യ വിവാഹ ജീവിതം പരാജയമായപ്പോള്‍ ജിമ്മിയെ കാത്തിരുന്നത് ചീത്തപ്പേരും ഉപദേശവും. രണ്ടാമത് ഒരു വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ വല്ല്യ പരിപാടി ഒന്നും വേണ്ടല്ലോ.. വെറുതെ എന്തിനാ കാശ് കളയുന്നത് എന്നായി ചോദ്യം. രണ്ടുപേരുടെയും രണ്ടാം വിവാഹമാണെങ്കിലും അവര്ക്കറിയില്ലാല്ലോ ഞങ്ങള്‍ തമ്മിലുള്ള ആദ്യ വിവാഹം ആണെന്ന്. മാത്രമല്ല ജിമ്മിയുടെ ജീവിതത്തിലേക്ക് റോസ്ബിലെ കൂട്ടിയപ്പോള്‍ ഒന്നിനും ഒരു കുറവും വരുത്തിയതുമില്ല.
തന്റെ ജീവിതത്തിലെ ഈ അനുഭവം ജിഎന്‍സിപി ഗ്രൂപ്പിലാണ് ജിമ്മി പങ്കുവെച്ചത്.
കുറിപ്പ് ഇങ്ങനെ:
ആദ്യവിവാഹം എട്ട് നിലയില്‍ പൊട്ടി, കേസും കൂട്ടവുമായി നടന്ന്, നാട്ടില്‍ മൊത്തം ചീത്തപ്പേരും കേള്‍പ്പിച്ച്, 'നീയിങ്ങനെ ഒറ്റത്തടിയായി നടന്നോ, പ്രായമാവുമ്പോള്‍ പഠിച്ചോളും' തുടങ്ങിയ സദ്വചനങ്ങളും കേട്ട് മടുത്ത്, 'ആലം ദുനിയാവില് എന്നായാലും പെണ്ണെട്ടേണം, അത് ഇന്നന്നായ്ക്കോട്ടെ, അത് ഓളന്നായ്ക്കോട്ടെ' എന്നുറപ്പിച്ച്, അക്കാര്യമറിയിച്ചപ്പോള്‍ അടുത്ത കൂട്ടുകാരില്‍ ചിലരും ബന്ധുക്കളില്‍ പലരും നാട്ടുകാരില്‍ മിക്കവരും പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. അവരെ കുറ്റം പറയാന്‍ പറ്റില്ല. കാര്യം ഞങ്ങളുടെ രണ്ടാളുടെയും രണ്ടാം വിവാഹമാണെങ്കിലും ഞങ്ങള്‍ തമ്മിലുള്ള ആദ്യവിവാഹമാണെന്ന് അവര്‍ ഓര്‍ത്തുകാണില്ല. എന്നാപ്പിന്നെ ഒന്നിനും ഒരു കുറവും വരുത്തേണ്ടന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു. വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ച്, അവരെ സാക്ഷികളാക്കി വരണമാല്യവും മോതിരവും ചാര്‍ത്തി.. മൂന്നാംദിവസം പറന്നു, മാലി ദ്വീപിന്റെ വശ്യതയില്‍ 'മധുചന്ദ്രിക'യെ തേടി.....
നന്ദിയുണ്ട്.. ജീവിതം തിരിച്ചുപിടിക്കാനുള്ള ഊര്‍ജ്ജത്തിനായി നെരിപ്പോടില്‍ തീ പകര്‍ന്ന ഞങ്ങളുടെ മുന്‍ പങ്കാളികളോട്.. കൈത്താങ്ങായി കൂടെ നടന്ന മാതാപിതാക്കളോട്, സഹോദരീസഹോദരന്മാരോട്,
എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നില്ക്കുന്ന ചങ്കുകളോട്.. നാട്ടിലും മറുനാട്ടിലും കഥകള്‍ ചൊല്ലിപ്പരത്തുന്ന 'പാണന്മാരോട്'.. മതമില്ലാത്ത മനുഷ്യനാവാന്‍ സഹായിച്ച പാതിരിയോട്.. ചൊല്ലിത്തീര്‍ക്കാനാവാത്തത്രയും നന്ദി..






