
പനജി : തന്റെ ചെലവില്‍ ചിലര്‍ പ്രശസ്തി നേടുകയാണെന്നു തെലുങ്ക് നടന് വിജയ് ദേവരകൊണ്ട. രാജ്യന്തര ചലച്ചിത്ര മേളയില്‍ മുഖാമുഖത്തില്‍ പങ്കെടുക്കുകയാണ് നടന്. 'ഞാന്‍ ഏറെ അസ്വസ്ഥനാണ്. അത് മനസ്സില്‍ കൊണ്ടു നടക്കേണ്ട കാര്യം എനിക്കില്ല. പാര്‍വതിയെ എനിക്ക് വലിയ ഇഷ്ടമാണ്. പാര്‍വതിയെ ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്നെ അലോസരപ്പെടുത്തുന്നു. എന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ആളുകള്‍ ആഘോഷിക്കുന്നതില്‍ എനിക്ക് താല്പര്യമില്ല. അവരെന്താണ് സംസാരിക്കുന്നത് എന്ന് പോലും അവര്‍ക്കറിഞ്ഞുകൂടാ' വിജയ് പറഞ്ഞു.
ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുത്ത ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ പരിപാടിയില്‍ വിജയ് ദേവരകോണ്ടയെ മുന്നിലിരുത്തി നടി പാര്‍വ്വതി 'അര്ജ്ജുന് റെഡ്ഡി' എന്ന സിനിമയെ വിമര്‍ശിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചിത്രം സ്ത്രീ വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും നായകന്റെ ചെയ്തികളെ മഹത്വവത്കരിക്കുന്നുണ്ടെന്നുമായിരുന്നു പാര്‍വ്വതി പറഞ്ഞത്.
റിലേഷന്‍ഷിപ്പിലെ വയലന്‍സിനെ മഹത്വവല്‍ക്കരിക്കുകയാണെന്നും പാര്‍വതി പറഞ്ഞിരുന്നു. സിനിമകളെക്കാള്‍ മനുഷ്യനെ സ്വാധീനിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ വേറെയുണ്ടെന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. ഇതിനെ ചൊല്ലിയുളള വിവാദമാണു സോഷ്യല്‍ മീഡയയില്‍ നടക്കുന്നത്.
എന്നാല്‍ ഈ വിഷയം വലിയ തലവേദനയായ മട്ടിലായിരുന്നു വിജയുടെ പ്രതികരണം. നടി രാകുല്‍ പ്രീത് സിങ്ങും മുഖാമുഖത്തില്‍ പങ്കെടുത്തു. നയന്‍താരയേയും അനുഷ്കയേയും പോലെ സ്ത്രീ ക്രേന്ദികൃത സിനിമകള്‍ ചെയ്യാന്‍ കഴിയണമെന്നാണു ആഗ്രഹമെന്ന് രാകുല്‍ പറഞ്ഞു.






