
ഹൈദരാബാദ് : ഹൈദരാബാദില്‍ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. രാത്രിയില്‍ ബൈക്ക് കേടായപ്പോള്‍ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാത്രിയിലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ജോലി കഴിഞ്ഞ് തിരികെ മടങ്ങിയ യുവതി ഷംഷാബാദിലെ ടോള്‍ബൂത്തിന് സമീപം വാഹനം നിര്‍ത്തി ഡോക്ടറെ കാണാന്‍ പോയിരുന്നു. രാത്രിയില്‍ ഒന്‍പത് മണിയോടെ തിരികെ എത്തിയപ്പോള്‍ സ്കൂട്ടിറിന്റെ ടയര്‍ പഞ്ചറായ നിലയില്‍ കണ്ടു. പഞ്ചറായ വിവരം സഹോദരിയെ വിളിച്ച് പറയുകയും ഇവിടെ മുഴുവന്‍ ട്രക്ക് ഡ്രൈവര്‍മാരാണ് അതുകൊണ്ട് ഇവിടെ ഒറ്റയ്ക്ക് നില്ക്കാന് പേടി ആണെന്നും പറഞ്ഞിരുന്നു. ഇതിനിടെ സ്കൂട്ടര്‍ നന്നാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് രണ്ട് പേര് എത്തി.
തുടര്‍ന്ന് സ്കൂട്ടറുമായി പോയവരെ കാത്തിരുന്ന യുവതിയെ മറ്റുള്ളവര്‍ ചേര്‍ന്ന് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം സമീപത്തെ അടിപ്പാതയില്‍ വെച്ച് തീക്കൊളുത്തി കൊല്ലുകയായിരുന്നു.
യുവതിയെ കാണാതായതോടെ കുടുംബം പരാതിയുമായി രാത്രി തന്നെ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. സംഭവത്തില്‍ ട്രക്ക് ജീവനക്കാരായ നാല് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പതിവായി ഇവിടെ എത്തുന്നവര്‍ നേരത്തെ ആസൂത്രണം ചെയ്യ്തതാണ് ആക്രമണമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സ്കൂട്ടര്‍ നന്നാക്കാന്‍ കൊണ്ടുപോയവര്‍ തന്നെയാണ് ഇവരെന്നാണ് വിവരം. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ദേശീയ വനിതാ കമ്മീഷന് ആവശ്യപ്പെട്ടു.






