
കൊല്ലം: അഞ്ചൽ ഈസ്റ്റ് സ്കൂളിൽ അഭ്യാസം കാണിച്ച രണ്ടു ബസുകൾ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ജില്ലാ അതിര്‍ത്തിയില്‍ വെച്ച് പുനലൂര്‍ മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്റ് ഇൻസ്പെക്ട്ടർമാരായ റാംജി കെ കരൺ, രാജേഷ് ജി ആർ സേഫ് കേരള എംവിഐ ശരത് ഡി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ വിനോദയാത്രയ്ക്ക് ഒരുങ്ങുമ്പോഴായിരുന്നു പിടിച്ചെടുത്തത്.
ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബസ് ഡ്രൈവർമാരായ നിയാസ്, സിനു എന്നിവരുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി തുടങ്ങി. ഇവരുടെ ലൈസൻസുകൾ പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുത്ത ഡ്രൈവർമാരെ വിട്ടയച്ചുവെങ്കിലും ഇവരോട് ഇന്ന് രാവിലെ അഞ്ചൽ പൊലിസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന 336 വകുപ്പ് അനുസരിച്ചാണ് നടപടി.
വാഹനത്തിന്റെ ഫിറ്റ്നെസ്സ്, പെർമിറ്റ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. അതേ സമയം ബസ്റ്റിൽ നിയമം ലംഘിച്ച് ഫിറ്റ് ചെയ്തിരുന്ന ആഡംബര ഹോണുകൾ, ലൈറ്റുകൾ, സ്റ്റിരിയോ സിസ്റ്റം എന്നിവ തിരിച്ച് വരുന്ന വഴിക്ക് ഇളക്കി മാറ്റിയതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂളില്‍ വിദ്യാർത്ഥികളെ മൈതാന മധ്യത്ത് നിർത്തിയായിരുന്നു ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് സംഭവം വിവാദമാകുന്നത്. ബസ്സുകൾ അഞ്ചല്‍ സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിക്കും.






