
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു കളഞ്ഞ സംഭവത്തില്‍ പ്രതികള്‍ മുങ്ങിയത് മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞോ എന്നു തിരിച്ചുവന്ന് നോക്കി ഉറപ്പാക്കിയ ശേഷം. ഷംഷാബാദിനും ഷാദ് നഗറിനും ഇടയില്‍ നാഷണല്‍ ഹൈവേ 44 ല്‍ മൃതദേഹം കത്തിച്ചു കളയാന്‍ ആളൊഴിഞ്ഞ ഇടം തേടി പ്രതികള്‍ പരതിയത് വിവിധ ഇടങ്ങള്‍.
ഒടുവിലാണ് അണ്ടര്‍പാസിന് കീഴില്‍ സ്ഥലം കണ്ടെത്തിയത്. പ്രതികളില്‍ ജോളു ശിവയും ജോളു നവീനും വെറ്റിനറി ഡോക്ടറുടെ ചുവപ്പ് മെസ്ട്രോയില് യാത്ര ചെയ്തപ്പോള്‍ മറ്റു രണ്ടുപേര്‍ മൃതദേഹം ക്യാബിനില്‍ ഒളിപ്പിച്ച ട്രക്കില്‍ പിന്നാലെ സഞ്ചരിച്ചു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച സംഘം രണ്ടോ മൂന്നോ ലൊക്കേഷനുകളില്‍ പരതിയെങ്കിലും ആള്‍ക്കാരില്ലാത്ത ഒരു സ്ഥലവും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒടുവിലാണ് ഹൈവേയിലെ ഫ്ളൈ ഓവറുമായി ബന്ധപ്പെട്ട അണ്ടര്‍ പാസിലേക്ക് വന്നത്. ആളൊഴിഞ്ഞ ഇടമായതിനാല്‍ ഇവിടെയിട്ട് മൃതദേഹം കത്തിച്ചു. അണ്ടര്‍ പാസിന്റെ രണ്ടു വശത്തും ഇടുങ്ങിയ മലിനമായ ട്രാക്ക് ഉണ്ടായിരുന്നു. മൃതദേഹത്തിന് തീയിട്ട ശേഷം നാലംഗ സംഘം അപ്പോള്‍ തന്നെ അവിടം വിട്ടു. അല്‍പ്പ സമയം കഴിഞ്ഞ് തിരിച്ചു വന്ന് മൃതദേഹം പൂര്‍ണ്ണമായും കത്തിയെന്ന് ഉറപ്പാക്കുകയും ചെയ്തു.
സംഭവത്തില്‍ ഡോക്ടറുടെ കാണാതായ മൊബൈല്‍ഫോണ്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടു വരുമെന്ന വിശ്വസിക്കുന്നവര്‍
ഏറെയാണ്. എന്നാല്‍ പോലീസ് ഈ മൊബൈല്‍ഫോണുമായി ബന്ധപ്പെട്ട് ഒരക്ഷരം പോലും പറയാന്‍ കൂട്ടാക്കിയിട്ടില്ല. എന്നാല്‍ ഫോണ്‍ പോലീസിന്റെ കൈവശം ഉണ്ടെന്ന് തന്നെയാണ് തെലുഗു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എന്തെങ്കിലൂം ദൃശ്യങ്ങളുണ്ടോയെന്ന് പോലും പറയാന്‍ പോലീസ് കൂട്ടാക്കുന്നില്ല.
അതിനിടയില്‍ സൈബരാബാദ് പോലീസ് പെട്രോള്‍ കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടപാടുകാര്‍ക്ക് വാഹനത്തില്‍ അല്ലാതെ പെട്രോള്‍ നല്കാന് പാടില്ലെന്നാണ് നിര്‍ദേശം. അതുപോലെ തന്നെ പ്രവേശനവും പുറത്തേക്കുള്ളതുമായ എല്ലാ കവാടങ്ങളിലും റിംഗ് റോഡുകളിലും മതിയായ പ്രകാശ സംവിധാനം ഉറപ്പാക്കണമെന്ന് ഹൈദരാബാദ് മെട്രോപോളിത്തന്‍ ഡവലപ്മെന്റ് അതോറിറ്റിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.






