
തെലങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പ് ക്രൂരതയുടെ മറ്റൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ കാണുന്നത്. ഇരയുടെ യുവതിയുടെ പേര് പോണ് സൈറ്റുകളില്‍ ട്രെന്‍ഡുകളില്‍ ഒന്നാമതെത്തി.
ഈ ലിസ്റ്റില്‍ നിന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പോണ്സൈറ്റുകളിലൊന്നിന്റെ ഇന്ത്യന്‍, പാക്കിസ്ഥാന് പതിപ്പുകളിലാണ് ഡോക്ടറുടെ പേര് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം തെലങ്കാനയില്‍ ക്രൂര ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ പ്രതികളുടെ ബന്ധുക്കളും രംഗത്തെത്തി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു. മകനോട് ഒരുതരത്തിലുള്ള സഹതാപവും ഇല്ലെന്ന് ജൊല്ലു ശിവയുടെ അച്ഛന് ജൊല്ലു രാജപ്പയുടെ പ്രതികരണം.
ഇനി മകനുമായി ഒരു ബന്ധവും എനിക്കില്ല. വിചാരണ തുടങ്ങിയാല്‍ കോടതിയിലും പോകില്ല. എന്റെ മകന് മരിച്ചു' രാജപ്പ പറഞ്ഞു. സഹോദരന് വധശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ചെയ്ത തെറ്റിന് മരണമാണ് ശിവ അര്‍ഹിക്കുന്നതെന്നും സഹോദരി പ്രതികരിച്ചു. ലോറിയില്‍ ക്ലീനര്‍ ആയിരുന്നു ശിവ. യുവതിയുടെ സ്കൂട്ടര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നന്നാക്കാന്‍ കൊണ്ടുപോയത് ശിവ ആയിരുന്നു. ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നല്കി വനിതാ ഡോക്ടറെ ഇവര്‍ കെണിയില്‍പ്പെടുത്തുകയായിരുന്നു.
'അന്ന് രാത്രി അവന് സാധാരണ പോലെയാണ് പെരുമാറിയത്. അസ്വാഭാവികതയോ കുറ്റബോധമോ ഒന്നും പെരുമാറ്റത്തിലുണ്ടായിരുന്നില്ല. എന്നോട് ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തി ഭക്ഷണം കഴിച്ചു, അതിന് ശേഷം ഉറങ്ങാന്‍ പോയി' നവീന്റെ അമ്മ പറഞ്ഞു. അവനെങ്ങനെ ഇതിനുള്ള ധൈര്യം കിട്ടിയെന്നറിയില്ല. എനിക്കവനോട് ദേഷ്യമാണ് - ലക്ഷ്മി പറഞ്ഞു.
ചെന്നക്കേശവുലുവിന്റെ അമ്മയുടെ പ്രതികരണമിങ്ങനെ: ''അവന് തെറ്റ് ചെയ്തു, കടുത്ത ശിക്ഷ തന്നെ ലഭിക്കണം. വീട്ടില്‍ വന്നെങ്കിലും എന്നോടോ അവന്റെ ഭാര്യയോടോ സംഭവിച്ചതിനെപ്പറ്റി ഒന്നും സംസാരിച്ചില്ല. ഒരു അമ്മക്ക് മകനോ മകളോ നഷ്ടപ്പെട്ടാലുണ്ടാകുന്ന വേദന മറ്റാര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ല. ഞാനിപ്പോള്‍ കടുത്ത വേദന അനുഭവിക്കുകയാണ്. എങ്ങനെ ഈ അവസ്ഥ തരണം ചെയ്യണമെന്നറിയില്ല. പക്ഷേ അവന് ശിക്ഷ ലഭിക്കുക തന്നെ വേണം''
മുഖ്യപ്രതിയായ മുഹമ്മദ് മാത്രമാണ് സംഭവിച്ചതിനെക്കുറിച്ച് വീട്ടില്‍ പറഞ്ഞത്. 29ാം തിയതി പുലര്‍ച്ചെ ഒരു മണിയോടെയാണ് മകന് വീട്ടിലെത്തിയത്. അസാധാരണ ധൈര്യം അവന്റെ മുഖത്തുണ്ടായിരുന്നു. ആരെയോ കൊന്നെന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. 'ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു'- മകന് പറഞ്ഞെന്ന് അമ്മ പറഞ്ഞു.
ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍പ്ലാസയില്‍ നിന്നാണ് യുവതിയെ ലോറി ഡ്രൈവര്‍മാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പരാതിയുമായി യുവതിയുടെ വീട്ടുകാര്‍ രാത്രിയില്‍ തന്നെ എത്തിയെങ്കിലും വേണ്ട നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. പ്രതികള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കേസ് അതിവേഗ കോടതി അടുത്ത ദിവസങ്ങളില്‍ പരിഗണിക്കും.






