
ചെന്നൈ : ലാന്‍ഡിങ്ങിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയും ചന്ദ്രോപരിതലത്തില്‍ ദിശമാറി പതിക്കുകയും ചെയ്ത വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നാസയെ സഹായിച്ചത് ചെന്നൈക്കാരനായ എന്‍ജിനീയര്‍ ഷണ്മുഖ സുബ്രഹ്മണ്യനാണ്. ആ കണ്ടുപിടുത്തം എങ്ങനെയെന്ന് ഷണ്മുഖ സുബ്രഹ്മണ്യം വിശദീകരിക്കുന്നത് ഇങ്ങനെ,
ലാന്‍ഡര്‍ ഇടിച്ചിറങ്ങുന്നതിന് മുന്‍പും ശേഷവുമുള്ള മൊസൈക്ക് ഇമേജുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് അത് താരതമ്യം ചെയ്ത വിശകലനം നടത്താനായി പൊതുജനങ്ങളോട് നാസ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 26 നാണ് അത്തരത്തിലൊരു കുറിപ്പ് നാസ ഇട്ടത്.
ഈ രണ്ട് ചിത്രങ്ങളും ലാപ്ടോപ്പില്‍ നോക്കി താന്‍ താരതമ്യം ചെയ്തുവെന്ന് ഷണ്മുഖ സുബ്രഹ്മണ്യം പറയുന്നു. ഒരു വശത്ത് പഴയ ചിത്രവും മറുവശത്ത് പുതിയ ചിത്രവും വച്ചായിരുന്നു താരതമ്യം. ഇതിന് ട്വിറ്ററിലെയും റെഡ്ഡിറ്റിലെയും മറ്റ് സുഹൃത്തുക്കളും സഹായിച്ചുവെന്നും ഷണ്മുഖ പറയുന്നു. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും താന്‍ നന്നായി പരിശ്രമിച്ചു. നന്നായി കഠിനാധ്വാനം ചെയ്തു.
സ്പെസ് സയന്‍സില്‍ തനിക്ക് പണ്ടേ താത്പര്യം ഉണ്ടായിരുന്നുവെന്നും ലാന്‍ഡറിനെ കണ്ടെത്താന്‍ നാസയ്ക്കു പോലും കഴിയാത്തതാണ് തന്നില്‍ ആകാംക്ഷ ഉണ്ടാക്കിയതെന്നുമാണ് ഷണ്മുഖ പറയുന്നത്.






