
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ അധിക്ഷേപിച്ച് വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ് ഏറ്റവും വലിയ ബലാത്സംഗിയെന്ന് പ്രാചി പറഞ്ഞു. ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായാണ് പ്രാചിയുടെ അധിക്ഷേപം.
'നമ്മുടെ രാജ്യം ഭഗവാന് ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും രാജ്യമാണ്. രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത്. ഏറ്റവും വലിയ റേപ്പിസ്റ്റ് നെഹ്റുവാണ്. ശ്രീരാമന്റേയും കൃഷ്ണന്റേയും സംസ്കാരം നശിപ്പിച്ചത് നെഹ്റുവാണ്.' സാധ്വി പ്രാചി പറഞ്ഞു. 'ഭീകരവാദവും മാവോയിസവും പീഡനവുമെല്ലാം നെഹ്റു കുടുംബത്തിന്റെ സംഭാവനയാണ്'.
കഴിഞ്ഞ ദിവസം തന്റെ ലോക്സഭാ മണ്ഡലമായ വയനാട്ടിലെ ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു രാഹുല്‍ ഗാന്ധി ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമാണെന്ന് പറഞ്ഞത്. ഹൈദരാബാദിലേയും ഉന്നാവോയിലിലേയും സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ്സ് നേതാവിന്റെ വിമര്‍ശനം.
സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് വിദേശരാജ്യങ്ങള്‍ ചോദിക്കുന്നതെന്നും എന്നാല്‍ യുപിയിലെ ഒരു ബിജെപി എംഎല്‍എ പീഡനക്കേസില്‍ ഉള്‍പ്പെട്ടിട്ടും പ്രധാനമന്ത്രി ഒരക്ഷം പോലും മിണ്ടിയില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാജ്യം ഭരിക്കുന്ന വ്യക്തി വിശ്വസിക്കുന്നത് അക്രമത്തിലും വിഭജനത്തിലുമാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് പ്രാചിയുടെ വാക്കുകള്‍.






