
തിരുവന്തപുരം : കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സ്യഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടികൊലയെ ആസ്പദമാക്കിയൊരു ചിത്രം. ഉദയകുമാറിന്റെ കഥ രാജ്യാന്തര ചലചിത്ര മേളയിലെ അഭ്രപാളിയില്‍ തെളിഞ്ഞ് കാണാന്‍ സംവിധായകനൊപ്പം അമ്മ പ്രഭാവതിയും കലാഭവന്‍ ത്രീയേറ്ററില് എത്തി. നിറ കണ്ണുകളോടെ ചിത്രം കണ്ടിറങ്ങിയ അമ്മയ്ക്ക് ഇന്നും മകന്റെ വിയോഗത്തില്‍ തീരാ ദുഖം മാത്രം. ചിത്രം കാണാന്‍ ആസ്വാദരും ഒഴുകിയെത്തി.
13 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന്റെ കഥ പറയുന്ന 'ഘട്ട് ക്രൈം നമ്പര്‍ 103/2005 എന്ന പേരില്‍ മറാത്തി ഭാഷയിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ ആനന്ദ് നാരായണ്‍ മഹാദേവനാണ്. മലയാളത്തില്‍ തന്നൊണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. എന്നാല്‍ ഒരമ്മയുടെ പോരാട്ടം സിനിമയാക്കാന്‍ മലയാളത്തില്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ചിത്രം മറാത്തിയിലേക്ക് മാറ്റി നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും ആനന്ദ് നാരായണ്‍ മഹാദേവന് പറഞ്ഞു.
2005 സെപ്തംബര്‍ 27, കേരളത്തിന് കളങ്കമായ ദിവസം. ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ മോഷണം ആരോപിച്ച് ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നു. ആക്രിക്കടയിലെ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയില്‍ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറ. ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയും പീഡനം. രാത്രി എട്ടുമണിയോടെ മരണം.
കളളസാക്ഷികളെ സൃഷ്ടിച്ച് കേസ് തേച്ചുമായിച്ചുകളയാന്‍ പൊലീസ്. എന്നാല്‍ ഉദയകുമാറിന്റെ അമ്മയുടെ നീതിക്കായുളള പോരാട്ടം വിജയിച്ചത് 2018 ല്‍ പ്രതികളില്‍ രണ്ടുപേരുടെ വധശിക്ഷ വിധിച്ചുകൊണ്ടുളള കോടതിയുത്തരവിലൂടെ. ജീവിതത്തില്‍ പ്രഭാവതിയമ്മ താണ്ടിയ കനല്‍വഴികള്‍ അധസ്ഥിത ജനത്തോട് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും പുലര്‍ത്തുന്ന അപകടകരമായ നിസംഗത കൂടിയാണ് വരച്ചിടുന്നത്.
അമ്മ പ്രഭാവതിയമ്മയെ അനശ്വരമാക്കിയ ഉഷാ ജാദവിന് ഗോവന്‍ മേളയില്‍ മികച്ച നടിക്കുളള രജതചകോരം ലഭിച്ചിരുന്നു. സിംഗപ്പൂര്‍ ദക്ഷിണ ഏഷ്യന്‍ രാജ്യന്തര ചലച്ചിത്ര മേളയിലെ മികച്ച ചലച്ചിത്രത്തിനുളള പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്.






