
ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരപുത്രനാണ് ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകന്. മമ്മൂട്ടിയോടൊപ്പം ഉണ്ട എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അര്ജുന് സാധിച്ചിരുന്നു. താന്‍ ഒരു വലിയ മമ്മൂട്ടി ഫാന്‍ ആണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിന്റെ എക്സൈറ്റ്മെന്റ് മാറിയിട്ടില്ലെന്നും പറയുകയാണ് അര്ജുന്.
'' ഉണ്ടയില്‍ മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചതിന്റെ എക്സൈറ്റ്മെന്റ് ഇപ്പോഴും തീര്‍ന്നിട്ടില്ല. മുമ്പ് പനമ്പിള്ളി നഗറിലൂടെ പോകുമ്പോള്‍ വണ്ടി ചുമ്മാ മമ്മൂക്കയുടെ വീടിനു ചുറ്റും വലംവെയ്ക്കുമായിരുന്നു. അത്ര കട്ട മമ്മൂക്ക ഫാനാണ്. 'പോക്കിരിരാജ' റിലീസായ സമയത്ത് ഞാന്‍ പത്താംക്ലാസിലാ. റിലീസിനു മമ്മൂട്ടി ഫാന്‍സ് നടത്തിയ റാലിയുടെ പിന്നാലെ സ്കൂള്‍ യൂണിഫോമില്‍ ഞാനും പോയിട്ടുണ്ട്. തിയേറ്ററിലെ ബെല്ലാരി രാജ എഫക്ടില്‍ വലിച്ചുകീറി പറത്തിയെറിഞ്ഞത് മോഡല്‍ പരീക്ഷയുടെ ഉത്തരക്കടലാസായിരുന്നു.
ചേച്ചിയുടെ കല്യാണം ക്ഷണിക്കാന്‍ വേണ്ടിയാണ് ആദ്യമായി അച്ഛനൊപ്പം മമ്മൂക്കയുടെ വീട്ടില്‍ പോയത്. പിന്നീട് കാര്‍ വാഷ് ബിസിനസ് തുടങ്ങിയപ്പോള്‍ ലോഗോ ലോഞ്ച് ചെയ്തത് മമ്മൂക്കയാണ്. 'പറവ' ചെയ്യുന്ന സമയത്ത് ദുല്‍ഖറുമായും നല്ല കമ്പനിയായി. 'ഉണ്ട'യില്‍ എന്റെ രംഗങ്ങളെല്ലാം മമ്മൂക്കയ്ക്കൊപ്പമായിരുന്നു. ഡയലോഗ് പറയുമ്പോള്‍ ടൈമിംഗ് നന്നാക്കണമെന്നു മമ്മൂക്കയാണ് പറഞ്ഞു തന്നത്. സിനിമയില്‍ 'എന്റെ പിള്ളേര്' എന്നു മമ്മൂക്കയുടെ കഥാപാത്രം പറയുന്ന രംഗത്തില്‍ എനിക്കു മാത്രമല്ല, കൂടെയുള്ളവര്‍ക്കും ആ ഫീല്‍ കിട്ടിക്കാണും. മോഡല്‍ പരീക്ഷാ പേപ്പര്‍ കീറിയെറിഞ്ഞ അതേ തിയേറ്ററിലിരുന്നാണ് ഞാന്‍ 'ഉണ്ട' കണ്ടത്.'' - പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അര്ജുന് പറഞ്ഞു.






