
ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ഉന്നാവോ കൂട്ടബലാത്സംഗക്കേസില്‍ രക്ഷപ്പെടാന്‍ പ്രധാന പ്രതിയുടെ തരികിടകള്‍. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് പറയുന്ന സമയത്ത് താന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു എന്ന് വരുത്താനുള്ള പ്രധാനപ്രതിയുടെ ശ്രമം പക്ഷേ ഡോക്ടര്‍മാര്‍ തള്ളി.
യുവതി ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നു എന്നും പ്രദേശത്തെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു എന്നും കാണിച്ച് ഇയാള്‍ നല്കിയ ആശുപത്രി രേഖകള്‍ വ്യാജമാണെന്നാണ് ഡോക്ടര്‍ മാര്‍ പറയുന്നു. രേഖ സമര്പ്പിച്ചെങ്കിലൂം ഈ സമയത്ത് ഇങ്ങിനെയൊരാള്‍ ചികിത്സയില്‍ ഇല്ലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കേസിലെ പ്രധാനപ്രതി ശുഭം ത്രിവേദി കോടതിയില്‍ സമര്‍പ്പിച്ച പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട മെഡിക്കല്‍ റജിസ്ട്രേഷന് സ്ളിപ്പാണ് വിവാദമായിരിക്കുന്നത്. സ്ളിപ്പ് വ്യാജമാണെന്നും ഈ സമയത്ത് അങ്ങിനെയൊരു രോഗി ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സമയത്ത് താന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു എന്നും 2018 ഡിസംബര്‍ 10 മുതല്‍ അഞ്ചു ദിവസം അഡ്മിറ്റായിരുന്നു എന്നും കാണിക്കുന്ന റജിസ്ട്രേഷന് സ്ളിപ്പാണ് ശുഭം ത്രിവേദി ഹാജരാക്കിയത്.
കഴിഞ്ഞ ഡിസംബര്‍ 12 ന് തന്നെ ശുഭവും കൂട്ടുകാരന് ശിവവും ചേര്‍ച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായിട്ടാണ് മാര്‍ച്ച് 5 ന് നല്കിയ പരാതിയില്‍ യുവതി ആരോപിച്ചത്. കൂട്ടബലാത്സംഗക്കേസിലെ പ്രതിസ്ഥാനത്ത് നിന്നും ശുഭത്തിന്റെ പേര് നീക്കണം എന്നാവശ്യപ്പെട്ട് നല്കിയ റിട്ട് ഹര്‍ജിക്കൊപ്പമാണ് മെഡിക്കല്‍ റജിസ്ട്രേഷന് സ്ളിപ്പ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. യുവതിയെ തീ കത്തിച്ചു കൊന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ചംഗ സംഘത്തില്‍ ഉണ്ടായിരുന്ന ശുഭത്തിന്റെ പിതാവ് ഹരിശങ്കര്‍ ആണ് സ്ളിപ്പ് ഹാജരാക്കിയത്.
വൃഷ്ണവീക്കത്തിനുള്ള ചികിത്സയിലായിരുന്നു ശുഭം എന്നാണ് നല്കിയ വിവരം. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള വിശ്രമത്തില്‍ ആയിരുന്നു എന്നും രോഗിക്ക് നല്കാനിരിക്കുന്ന ദൈനം ദിന ചികിത്സയുടെ വിവരവും മെഡിക്കല്‍ റജിസ്ട്രേഷന് സ്ളിപ്പിന്റെ ഒന്നാം പേജില്‍ വിശദമായി തന്നെ നല്‍കിയിട്ടുമുണ്ട്.
എന്നാല്‍ ഈ തീയതിയില്‍ ഇങ്ങിനെയൊരു രോഗിയേ ഇല്ലായിരുന്നു എന്നാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിതേന്ദ്രയാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങള്‍ മുഴുവന്‍ റെക്കോഡുകള്‍ പരിശോധിച്ചെന്നും എന്നാല്‍ ശുഭം ത്രിവേദി എന്ന പേരില്‍ ഒരു രോഗി ഈ കാലയളവില്‍ ഇന്‍ പേഷ്യന്റ് വിഭാഗത്തിലേ ഉണ്ടായിരുന്നില്ല എന്ന് തറപ്പിച്ചു പറയാന്‍ കഴിയുമെന്നും ഇദ്ദേഹം പറഞ്ഞു.
ശുഭം സമര്‍പ്പിച്ചിരിക്കുന്ന സ്ളിപ്പ് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഉള്ളതാണെന്നും ഔട്ട് പേഷ്യന്റ് രോഗികളെ ഒരു ആശുപത്രിയിലും അഡ്മിറ്റ് ചെയ്യാറില്ലെന്നും ഒപിഡി സ്ളിപ്പില്‍ ഒരിക്കലും ഡോക്ടറുടെ പേര് കാണിക്കാറില്ലെന്നും പറഞ്ഞു. കാട്ടിയിട്ടുള്ള പിഎച്ച് സി സ്റ്റാമ്പില്‍ അന്ന് ചുമതല ഉണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍ രാഹുല്‍ വര്‍മ്മയോ, രണ്ടാം ഡോക്ടര്‍ സാഗര്‍ സിംഗോ ആണ് ഒപ്പിടേണ്ടിയിരുന്നതെന്നും പറഞ്ഞു.
അതുപോലെ തന്നെ സ്ളിപ്പില്‍ കാട്ടിയിട്ടുള്ള സീരിയല്നമ്പര് 28,290 ആണ്. ഒരു വര്‍ഷം ഇത്രയൂം രോഗികളെ പിഎച്ച്സിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഒരു സാധ്യതയും ഇല്ലെന്നും ഡോക്ടര്‍ പറയുന്നു. അതുപോലെ തന്നെ 24 മണിക്കൂറില്‍ കൂടുതല്‍ ഒരു രോഗിയെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പാര്പ്പിക്കാറില്ലെന്നും അതിനുള്ള വിദഗ്്ദ്ധര്‍ ഇല്ലെന്നും പറയുന്നു. 14-15 സ്റ്റാഫുകള്‍ മാത്രമുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെറും ആറ് ബെഡ്ഡുകള്‍ മാത്രമാണ് ഉള്ളത്. നാലു ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഒരു സര്ജന്മാര് പോലുമില്ല.
ഒരു ഓപ്പറേഷന് തീയറ്റര്‍ ഉണ്ടെങ്കിലും അത് മാസം തോറും നടത്താറുള്ള വന്ധ്യംകരണത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. ഇതേ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് ഡിസംബര്‍ 5 ന് യുവതിയെ പൊള്ളലേറ്റ് കൊണ്ടുവന്നതും ഉന്നാവോ ജില്ലാ കേന്ദ്രത്തിലേക്ക് അയച്ചതും. സ്ളിപ്പ് ഇതുവരെ പരിശോധന നടത്താനായി ഒരു ഉദ്യോഗസ്ഥരും ഇവിടേയ്ക്ക് എത്തിയിട്ടില്ല. സ്ളിപ്പിന്റെ വിവരം തങ്ങള്‍ അറിഞ്ഞത് തന്നെ പത്രങ്ങളില്‍ നിന്നുമായിരുന്നു എന്നും പറയുന്നു. ആരെങ്കിലും അന്വേഷണത്തിന് വന്നാല്‍ തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും ഇവര്‍ പറയുന്നു.
മെഡിക്കല്‍ സ്ളിപ്പിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരും നേരത്തേ തന്നെ അറിഞ്ഞിരുന്നെങ്കിലും അന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍ റിട്ട് പെറ്റീഷനൊപ്പം ശുഭത്തിന്റെ പിതാവ് സമര്‍പ്പിച്ച സ്ളിപ്പ് ഹൈക്കോടതി തള്ളിയതാണെന്നാണ് ഇവര്‍ പറയുന്നത്. കൂട്ട ബലാത്സംഗം നടന്നെന്ന് പറയുന്ന ദിവസം മകന് ഒരു മത്സര പരീക്ഷ എഴുതുന്നതിനായി ലക്നൗവില്‍ പോയിരിക്കുകയായിരുന്നു എന്നാണ് ശുഭത്തിന്റെ പിതാവ് ഹരിശങ്കര്‍ റായ്ബറേലി സൂപ്രണ്ടിന് നല്കിയ ആദ്യ സത്യവാങ്മൂലം.
എന്നാല്‍ പരീക്ഷയെഴുതി എന്ന് തെളിയിക്കുന്ന തെളിവുകള്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അഡ്മിറ്റ് കാര്‍ഡ് ഉള്‍പ്പെടെ ഒന്നും ഹാജരാക്കാനായില്ല. തുടര്‍ന്നായിരുന്നു മെഡിക്കല്‍ സ്ളിപ്പും റിട്ട് പെറ്റീഷനുമായി കോടതിയില്‍ എത്തിയത്.






