
നവി മുംബൈ: ഡേറ്റിംഗ് സൈറ്റില്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 65 കാരനില്‍ നിന്ന് 73.5 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. പണം നഷ്ടപ്പെട്ടയാളുടെ പരാതിയില്‍ ഖര്ഘാര് പോലീസ് ആണ് കൊല്‍ക്കൊത്തയിലെ വ്യാജ കോള്‍സെന്റര്‍ കേന്ദ്രം കണ്ടെത്തുകയും നടത്തിപ്പുകാര്‍ പിടിയിലാവുകയും ചെയ്തത്.
ഒരു സ്ത്രീയും ഒരു ട്രാന്സ്ജെന്ഡറുമടക്കമാണ് മൂന്നു പേര് അറസ്റ്റിലായത്. സോധാപൂര് സ്വദേശി സ്നേഹ എന്ന മഹി ദാസ് (25), ബന്ദല്പാറ സ്വദേശി പ്രബീര്‍ സഹ (35), ഹൗറയിലെ ദുര്‍ഗാപുര്‍ സ്വദേശി അര്‍ണാബ് റോയ് (26) എന്നിവരാണ് പിടിയിലായത്.
2018 സെപ്തംബറിലാണ് സ്നേഹ പരാതിക്കാരനെ ബന്ധപ്പെടുന്നത്. ലൊകാന്റോ ഡേറ്റിംഗ് സര്‍വീസസ് ആന്റ് സ്പീഡ് ഡേറ്റിംഗ് എന്ന സൈറ്റില്‍ അംഗത്വം നല്‍കാമെന്നും പെണ്‍കുട്ടികളുമായി ആഗ്രഹിക്കുന്ന സ്ഥലത്ത് ഡേറ്റിംഗില്‍ ഏര്‍പ്പെടാമെന്നും പ്രലോഭിപ്പിച്ചാണ് ഇവര്‍ പരാതിക്കാരനെ സമീപിച്ചത്. അംഗത്വ ഫീസും മറ്റ് ഫീസുകളും ഇയാളില്‍ നിന്ന് ഈടാക്കി.
എന്നാല്‍ ഡേറ്റിംഗ് നടക്കാതെ വന്നതോടെ ഇയാള്‍ അംഗത്വം റദ്ദാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി പ്രത്യേക ചാര്‍ജുകള്‍ വേണമെന്നായി പ്രതികളുടെ വാദം. ഇത് നിഷേധിച്ചതോടെ പെണ്‍കുട്ടികളെ ആവശ്യപ്പെട്ടുവെന്ന് കാണിച്ച് പോലീസിന് പരാതി നല്‍കുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി വക്കീല്‍ നോട്ടീസ് അയച്ചു. ഇതോടെ ഭയന്നുപോയ പരാതിക്കാരനില്‍ നിന്നും ഇവര്‍ പണം തട്ടിയെടുക്കുകയായിരുന്നു.
നിയമ നടപടികള്‍ ഇല്ലാതാക്കാന്‍ 73.5 ലക്ഷം രൂപയാണ് സംഘം പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തത്. അപമാനം ഭയന്ന് ഇയാള്‍ ഇവര്‍ ആവശ്യപ്പെട്ട പണം നല്കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.






