
ഇടുക്കി: ഇടുക്കി കമ്പിളിക്കണ്ടത്ത് ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അനുജന് ചേട്ടനെ അമ്മിക്കല്ലിന് അടിച്ചുകൊന്നു. കമ്പിളിക്കണ്ടം സ്വദേശി ജോസഫാണ് മരിച്ചത്. അനുജന് ജോഷ്വയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മിക്കല്ല് കൊണ്ടുള്ള അടിയില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡ്രൈവിംഗ് പരിശീലനം കഴിഞ്ഞ് ജോസഫ് വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ അനുജന് ജോഷ്വ ടിവി കാണുകയായിരുന്നു. തുടര്‍ന്ന് ചാനല്‍ മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ജോഷ്വ തയ്യാറായില്ല. ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ജോഷ്വ പുറത്ത് പോകുകയും അമ്മിക്കല്ലുമായി മടങ്ങിയെത്തി ജോസഫിനെ ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു.
ജോഷ്വ തന്നെയാണ് അയല്‍വീട്ടിലെത്തി ജോസഫിന് പരിക്ക് പറ്റിയ വിവരം അറിയിച്ചത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ജോസഫിന്റെ മരണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൊലപാതകം നടക്കുമ്പോള്‍ ഇരുവരും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അച്ഛന്റെ ചികിത്സയ്ക്കായി കുടുംബാംഗങ്ങളെല്ലാം ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ജോഷ്വയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.






