ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ അതാത് ഹൈക്കോടതികളില്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരായ പോലീസ് അതിക്രമത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷക ഇന്ദിരാ ജെയ്സിംഗും മറ്റ് ചില അഭിഭാഷരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരുടെ നിയമപരിധിയിലുള്ള ഹൈക്കോടതികളെ സമീപിക്കാനും ഹൈക്കോടതികള്‍ക്ക് അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡ വ്യക്തമാക്കി.
വിഷയത്തില്‍ തങ്ങള്‍ ഇടപെടില്ലെന്നും ഇത് ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എങ്ങനെയാണ് ബസുകള്‍ കത്തിയതെന്നും എന്തുകൊണ്ടാണ് ഹര്‍ജിക്കാര്‍ അതാത് ഹൈക്കോടതികളെ സമീപിക്കാത്തതെന്നും ജസ്റ്റിസ് ബോബ്ഡെ ചോദിച്ചു. സുപ്രീം കോടതി വിചാരണാ കോടതിയല്ല. രാജ്യത്ത് എവിടെയും നടക്കുന്ന സംഭവങ്ങളില്‍ സുപ്രീം കോടതിക്ക് ജുറിസ്ഡിക്ഷന് ഇല്ല. സാഹചര്യങ്ങളും വസ്തുതകളും വ്യത്യസ്തമായിരിക്കുമെന്നും ബോബ്ഡെ ചൂണ്ടിക്കാട്ടി.
അതേസമയം ജാമിയ മിലിയ സര്‍വകലാശാലയിലേത് അന്തര്‍ സംസ്ഥാന മാനങ്ങളുള്ള വിഷയമാണെന്നും പ്രത്യേക അന്വേഷണ സമിതി ആവശ്യമാണെന്നും ഇന്ദിരാ ജെയ്സിംഗ് ചൂണ്ടിക്കാി. തെലങ്കാനയിലെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സമാനമായ നടപടിയാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇതില്‍ നിന്ന് കൈകഴുകാന്‍ കഴിയുന്നതെന്നും ഇന്ദിരാ ജെയ്സിംഗ് ചോദിച്ചു.
ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ഇന്ദിരാ ജെയ്സിംഗ് കോടതിയെ സമീപിച്ചത്. വൈസ് ചാന്‍സലറുടെ അനുവാദമില്ലാതെ പോലീസിന് സര്‍വകലാശാലകളില്‍ കയറാനാകില്ല. എന്നാല്‍ ഈ നിയമം ലംഘിച്ചാണ് ജാമിയ മിലിയയില്‍ പോലീസ് അതിക്രമം കാണിച്ചത്. ഒരു വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു, നിരധവി വിദ്യാര്‍ത്ഥികളുടെ കാലൊടിഞ്ഞുവെന്നും ഇന്ദിരാ ജെയ്സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഒരു വിദ്യാര്‍ത്ഥിയുടെ പോലും കാഴ്ച നഷ്ടപ്പെട്ടിട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത പറഞ്ഞു.






