
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായകന് റാം സംവിധാനം ചെയ്ത ദ്വിഭാഷ ചിത്രമാണ് പേരന്പ്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷങ്കായ് ഫിലിം ഫെസ്റ്റിവല്‍ - ചൈന എന്നീ മേളകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് പേരന്പ്. ഇപ്പോള്‍ സിനിമകളുടെയും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിര്‍ണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റായ ഐഎംഡിബിയുടെ (IMDb) മികച്ച ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ 2019ലെ ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് പേരന്പ്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്സി ഡ്രൈവറായ അമുദന് എന്ന അവളുടെ അപ്പ (മമ്മൂട്ടി)യും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരന്പ്. ഉറി, ഗള്ളി ബോയ് എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് പേരന്പ് ഒന്നാമത് എത്തിയത്. പ്രദര്‍ശിപ്പിച്ച ഇടങ്ങളിലെല്ലാം അപാരമെന്ന് പറയിക്കുക മാത്രമല്ല അമുദനായി മമ്മൂട്ടിയെന്ന നടന്റെ അഭിനയത്തികവുകൂടിയായിരുന്നു പേരന്പ് പറഞ്ഞത്.
മമ്മൂട്ടി, സാധന എന്നിവരോടൊപ്പം അഞ്ജലി, സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. എ എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലും ചെന്നൈയിലുമായാണ് 'പേരന്‍പി'ന്റെ ചിത്രീകരണം നടന്നത്.






