
തിരുവനന്തപുരം : കര്‍ണ്ണാടകത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലാണ് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ വന്‍ സുരക്ഷാ സന്നാഹം.
കേരളത്തില്‍ നിന്നും മംഗുളൂരുവിലേയ്ക്കുള്ള കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. അതിര്‍ത്തിയില്‍ കര്‍ണാടക പോലീസ് വാഹനങ്ങള്‍ തടയുന്നുണ്ട്.
കോഴിക്കോട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു. മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ച സംഭവത്തില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധ നടപടികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു.






