
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുകയാണ്. തങ്ങളുടേതായ രീതിയില്‍ പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണ് ഷഹീന്‍ബാഗിലെ പ്രദേശവാസികള്‍. ഡല്‍ഹി ഷഹീന്‍ബാഗിലെ നിരത്തില്‍ താല്‍ക്കാലിക ടെന്റുകളും, മേശകള്‍ നിരത്തിയുള്ള സ്റ്റേജും അവര്‍ ഉണ്ടാക്കി. കഴിഞ്ഞ 12 ദിവസമായി അവര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്. സമരക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ലിബിയയ്ക്കു മേലുള്ള ഇറ്റാലിയന്‍ കടന്നു കയറ്റത്തിന്റെ കഥ പറയുന്ന സിനിമയായ ലയണ്‍ ഓഫ് ദ ഡെസര്‍ട്ട് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെയാണ് ഓരോ പ്രതിഷേധ ദിനവും അവസാനിക്കുന്നത്. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, ഡല്‍ഹി യൂണിവേഴ്സ്റ്റി വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പടെ നൂറോളംപേരുള്ള ഒരു വൊളണ്ടിയര്‍ ടീം ഇവിടെ സേവനസന്നദ്ധരായുണ്ട്. പ്രദേശവാസികളുടെ കൈയില്‍ നിന്ന് പിരിച്ചെടുത്ത പണമുപയോഗിച്ച് അവര്‍ പ്രതിഷേധക്കാര്‍ക്കുള്ള ചായയും ഭക്ഷണവും മരുന്നുകളും നല്‍കുന്നത്.
അര്‍ധരാത്രിയും പ്രതിഷേധത്തിനെത്തുന്ന സ്ത്രീകളുടെ സുരക്ഷയും സംഘാടകര്‍ ഉറപ്പു വരുത്തുന്നുണ്ട്. പ്രതിഷേധത്തിന്റെ ആദ്യ ദിനങ്ങളില്‍ സ്ത്രീകള്‍ പത്തുമണി വരെ ഇരിക്കുമോ എന്നായിരുന്നു സംഘാടകരുടെ സംശയം എന്നാല്‍ സ്ത്രീകള്‍ അര്‍ധരാത്രി മുഴുവന്‍ അവിടെ ഇരുന്ന് പ്രതിഷേധിച്ചു. '' ഇത് ഞങ്ങളുടെ വീടാണ്, ഞങ്ങളുടെ വീട് വിട്ടുപോകണമെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച് അവര്‍ ആദ്യം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി.
പിന്നീട് അവര്‍ പറഞ്ഞു ബാബറി മസ്ജിദ് നിലനിന്നിരുന്ന ഇടത്ത് ക്ഷേത്രം പണിയുമെന്ന്. ഇപ്പോഴിതാ ഞങ്ങളോട് ഞങ്ങളുടെ വീട് വിട്ടിറങ്ങാന്‍ പറയുന്നു. ഇത് ഞങ്ങളുടെ മതത്തിന് നേരെയുള്ള ആക്രമണമാണ്. അവരിവിടെ മുസ്ലീങ്ങളെ ആഗ്രഹിക്കുന്നില്ല. ഇവിടെ നിന്നു പോകാന്‍ ആരു പറഞ്ഞാലും ഞങ്ങളിവിടെ നിന്ന് പോകില്ല, ഇന്ത്യ ഞങ്ങളുടെ വീടാണ്.'' -പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന സ്ത്രീയായ ഗുലാബി പറയുന്നു.






