
പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള നിരവധി തവണ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുള്ള ആളാണ് നടന് സിദ്ധാര്‍ത്ഥ്. എന്നാല്‍ ഇത്തരം അഭിപ്രായ പ്രകടനം മൂലം സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടില്ലേയെന്ന് ചോദിച്ചാല്‍ സിദ്ധാര്‍ത്ഥിന് വ്യക്തമായ മറുപടിയുണ്ട്. നിശബ്ദനായിരുന്നാല്‍ മാത്രമേ അവസരങ്ങള്‍ ലഭിക്കുകയുള്ളൂ എങ്കില്‍ തനിക്ക് അത്തരം അവസരങ്ങള്‍ വേണ്ടെന്ന് പറയാന്‍ ഈ കലകാരന് യാതൊരു പേടിയുമില്ല. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥിന്റെ വെളിപ്പെടുത്തല്‍.
കോളേജില്‍ പഠിക്കുന്ന കാലത്തും താന്‍ ഇങ്ങനെയാണെന്നും കഴിഞ്ഞ ഏതാനു മാസങ്ങളായി തനിക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. ഓരോ ദിവസവും രക്തം തിളപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കുകയും നമ്മള് വളര്‍ന്ന ഇന്ത്യയില്‍ ഇത് സംഭവിക്കുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നത് നിര്‍ഭാഗ്യകരമാണെന്നും സിദ്ധാര്‍ത്ഥ് അഭിമുഖത്തില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ശക്തമായി രംഗത്ത് വന്ന ചലചിത്ര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു സിദ്ധാര്‍ത്ഥ്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ തെരുവിലിറങ്ങിയ സിദ്ധാര്‍ത്ഥ് മോഡിയേയും അമിത് ഷായെയും ദുര്യോധനനെന്നും ശകുനിയെന്നും വിശേഷിപ്പിച്ചിരുന്നു. നിരോധനാഞ്ജ ലംഘിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്ത സിദ്ധാര്‍ത്ഥിനെതിരെ പോലീസ് കേസെടുത്തിരുന്നു.






