
ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത അലിഗഢ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുപി പോലീസ് കേസെടുത്തു. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിനു പിന്നാലെയാണ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ചെറിയൊരു അബദ്ധം പിണഞ്ഞിട്ടുണ്ടെന്നും, പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെയല്ല, ആയിരം വിദ്യാര്ത്ഥികള്ക്കെതിരൊയണ് കേസെടുത്തിരിക്കുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
നിയമവിരുദ്ധമായി രാജ്യത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും, പൊതുവാഹനങ്ങള്‍ നശിപ്പിക്കുകയും, കല്ലെറിയുകയും ചെയ്തുവെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. മിതമായ രീതിയില്‍ മാത്രമാണ് പോലീസ് പ്രതിഷേധത്തെ തടഞ്ഞതെന്നും, കണ്ണീര്‍വാതകം ഉപയോഗിച്ചില്ലെന്നും ലാത്തിച്ചാര്‍ജ് ചെറിയ രീതിയില്‍ മാത്രമാണ് നടത്തിയതെന്നും യുപി പോലീസ് വ്യക്തമാക്കുന്നു. ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് അലിഗഡ് സര്‍വകലാശായില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാല്‍ സര്‍വകലാശാല ഗേറ്റ് കടക്കാന്‍ പോലീസ് വിദ്യാര്‍ത്ഥികളെ അനുവദിച്ചില്ല. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പോലീസ് കണ്ണീര്‍വാതകം ഉള്‍പ്പെടെ ഉപയോഗിച്ചിരുന്നു.






