
ലക്നൗ: പൗരത്വ ഭേദഗതി നിയമത്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഉത്തര്‍പ്രദേശ് പോലീസിന്റെ കത്ത്. യുപി ഡിഐജി ഓംപ്രകാശ് സിംഗ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ്. ഡിസംബര്‍ 19 ന് നടന്ന അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം വ്യക്തമായിട്ടുണ്ടെന്നും സംഘടനയെ നിരോധിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് യൂപി പോലീസ് അന്വേഷണം നടത്തിയെന്നും അതില്‍ പോപ്പുലര്‍ ഫ്രണ്ട് നിര്‍ണ്ണായക പങ്കാളിത്തം വഹിച്ചതായി കണ്ടെത്തിയെന്നും പറയുന്നു. വസ്തുവകകളും പൊതുമുതലും നശിപ്പിച്ച് സംസ്ഥാനത്ത് എല്ലാത്തരത്തിലും അരാജകത്വം സൃഷ്ടിച്ചത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നും ഇത്തരം സംഘടനകള്‍ക്ക് വളമിടരുതെന്നും അവരെ നിരോധിക്കണമെന്നും ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ആവശ്യപ്പെട്ടു.
അക്രമം പടര്‍ന്നു പിടിച്ച ഇടങ്ങളില്‍ നിന്നും ഇതിനകം 23 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അവര്‍ക്ക് അക്രമത്തില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണെന്ന് ഡിജിപി സിംഗും പറയുന്നു. ഇക്കാര്യത്തില്‍ വളരെ നിര്‍ണ്ണായകമായ പല വിവരങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്നും കിട്ടിയിട്ടുണ്ടെന്നും അവ പക്ഷേ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയുന്നതല്ലെന്നും പറഞ്ഞു. കിട്ടിയ പല വിവരങ്ങളും ഞെട്ടിക്കുന്നതാണ്. ആദ്യം വേണ്ടത് സമാധാനാന്തരീക്ഷമാണ്. ഇവിടെ സമാധാനം സംരക്ഷിച്ച ശേഷം ഇവരെ നിയമത്തിന് മുന്നില്‍ ഹാജരാക്കുമെന്നും സിംഗ് പറയുന്നു.
അതേസമയം സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കാന്‍ പോലീസ് വലിയ ശ്രമമാണ് നടത്തുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ സംഘടനയെ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കഴിയുന്ന വിധത്തിലുള്ള അനേകം വിശ്വസനീയമായ തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. നിയമം കഴിഞ്ഞ മാസം ആദ്യം നിലവില്‍ വന്നതിന് പിന്നാലെ രാജ്യത്ത് 20 ലധികം പേരാണ് മരണമടഞ്ഞത്. ഇതില്‍ കൂടുതല്‍ മരണവും യുപിയില്‍ ആയിരുന്നു. അക്രമം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നും നഷ്ടം ഈടാക്കുമെന്നും നേരത്തേ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. പ്രതിഷേധക്കാരെ തല്ലിച്ചതച്ചും അവര്‍ക്കെതിരേ കേസെടുത്തും സര്‍ക്കാര്‍ പീഡിപ്പിക്കുന്നതായി നേരത്തേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി ആരോപിച്ചിരുന്നു.






