
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കത്തിൽ സിപിഐയും സിപിഐഎമ്മും വീണ്ടും ചർച്ച നടത്തുന്നു. ഈ മാസം 14ന് നടക്കുന്ന ഉഭയകക്ഷി യോഗത്തിലേക്ക് സിപിഐയെ സിപിഐഎം ക്ഷണിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് ചർച്ച. അതേ ദിവസം തന്നെ സിപിഐ നേതൃയോഗവും ചേരും.
പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിക്കണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഇന്നലെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കിയിരുന്നു.
ഇതിന് മുമ്പും വിഷയത്തിൽ ഇരുകക്ഷികളും ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താനായിരുന്നില്ല. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തന്നെ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐ മുന്നോട്ടുവെച്ചപ്പോൾ, നിലവിലെ കീഴ്‌വഴക്കങ്ങൾ ചൂണ്ടിക്കാട്ടി സിപിഐഎം അത് തള്ളുകയായിരുന്നു.
തുടർന്ന് പ്രതിഷേധ സൂചകമായി സിപിഐ നിയമസഭാകക്ഷി യോഗത്തിൽ പോലും പങ്കെടുക്കാതെയാണ് നിലപാട് കടുപ്പിച്ചത്. ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കം എൽഡിഎഫിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രശ്നപരിഹാരത്തിനായി സിപിഐഎം വീണ്ടും അനുനയ നീക്കവുമായി രംഗത്തെത്തിയത്.






