
ചെന്നൈ : തമിഴ്‌നാട്ടില്‍ കിണര്‍ നിര്‍മാണത്തിനിടെ ഷോക്കേറ്റ് നാല് മരണം. ചെന്നൈ ഈസിആര്‍ റോഡിലെ മഹാബലിപുരത്താണ് അപകടം നടന്നത്. കുഴല്‍കിണറിന്റെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മഹാബലിപുരം സ്വദേശികളായ ബാലാജി, ബാദുഷ, കല്‍പ്പാക്കം സ്വദേശി പ്രഭു, കടമ്പാടി സ്വദേശി രാജേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. കരണായി ഗ്രാമത്തിലെ ഭഗവാനെ (45) പരിക്കേറ്റ് ചെങ്കല്‍പേട്ട് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ചെങ്കല്‍പേട്ട് ജില്ലാ ഗവ.ആസ്ഥാന ആശുപത്രിയിലേക്ക് അയച്ചു.
സംഭവത്തില്‍ മാമല്ലപുരം പോലീസ് കേസെടുത്തു.ഭൂഗര്‍ഭജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് നിലവിലുള്ള കുഴല്‍ക്കിണറില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് റിസോര്‍ട്ട് മാനേജ്മെന്റ് ഒരു സ്വകാര്യ കരാറുകാരനെ ഏല്‍പ്പിച്ച് ആഴത്തിലുള്ള കുഴല്‍ക്കിണര്‍ കുഴിച്ചുവെന്ന് പോലീസ് പറഞ്ഞു.
അഞ്ച് തൊഴിലാളികള്‍ ഡ്രില്ലിംഗ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കുഴല്‍ക്കിണറിലേക്ക് കയറുന്നതിനായി ഉയര്‍ത്തിയ മെറ്റല്‍ ഡ്രില്ലിംഗ് കമ്പി ഓവര്‍ഹെഡ് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.






