
സമീപകാലചരിത്രം കാണാത്ത വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച പൗരത്വഭേദഗതി നിയമം രാജ്യത്ത് ഉയര്‍ത്തുന്നത് വലിയ വിവാദമാണ്. പുതിയതായി അവതരിപ്പിച്ച നിയമത്തില്‍നിന്നും അണുവിട പിന്നോട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ ഗവണ്മെന്റും പ്രതിഷേധരംഗത്തുള്ള ജനങ്ങളും മുഖാമുഖം നില്‍ക്കുകയാണ്.
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ നല്കിയ സുപ്രധാന വാഗ്ദാനങ്ങളില്‍ മൂന്നാമത്തേതാണ് പൗരത്വ ഭേദഗതി ബില്‍. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മൂന്ന് ഇസ്ളാമിക രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം പരിഗണിക്കുന്ന നിയമം 2019 ഡിസംബര്‍ 11 ന് പാര്‍ലമെന്റില്‍ പാസ്സാകുകയും ഡിസംബര്‍ 12 ന് പ്രസിഡന്റ് ഒപ്പുവെയ്ക്കുകയും ചെയ്തതോടെയാണ് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കളമൊരുങ്ങിയത്.
നയതന്ത്രമേഖലയില്വരെ അനിശ്ചിതത്വത്തിന് കാരണമായി മാറിയിരിക്കുന്ന നിയമം അന്താരാഷ്ട്രതലത്തില്‍വരെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ജപ്പാന് പ്രധാനമന്ത്രിയുടെയും ബംഗ്ളാദേശ് മന്ത്രിമാരുടെയുമെല്ലാം സന്ദര്‍ശനം മാറ്റി വയ്ക്കുന്നതിലേക്കും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗതാഗത സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങളും ക്രമസമാധാനപാലനവും താറുമാറാക്കുന്ന നിലയിലേക്കും വരെ പ്രതിഷേധങ്ങള്‍ നീണ്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലെ പ്രക്ഷോഭങ്ങളില്‍ ഇതെഴുതുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയിരിന്നു.
എന്താണ് സി. എ. ബി (പൗരത്വ ഭേദഗതി ബില്‍)
ഇന്ത്യയുടെ മൂന്ന് അയല്‍ക്കാരായ പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരും വംശീയ പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പാലായനം ചെയ്തവരുമായ ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്സികള്‍, ക്രിസ്തുമതക്കാര്‍, എന്നീ മതങ്ങളില്‍ പെടുന്ന രണ്ടായിരത്തി പതിനാല് ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ താമസിച്ചവരുമായ ആള്‍ക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ് വലിയ വിവാദം വിളിച്ചു വരുത്തിയിരിക്കുന്നത്. അതേസമയം മതാധിഷ്ഠിത രാജ്യങ്ങള്‍ ഉള്ളതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ കുടിയേറിയ ഇസ്ലാമിക, യഹൂദ മതവിഭാഗങ്ങളില്‍ പെട്ടവരെ പൗരത്വ പരിഗണനയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തു.
സാധാരണഗതിയില്‍ ഒരു വിദേശ പൗരന് ഇന്ത്യന്‍ പൗരത്വം കിട്ടാന്‍ 11 വര്‍ഷം ഇന്ത്യയില്‍ കഴിഞ്ഞിരിക്കണം എന്നാണ് നിയമം. എന്നാല്‍ പുതിയ ബില്‍ പ്രകാരം അത് ആറു വര്‍ഷമായി കുറയും.
ആസ്സാം എതിര്‍ക്കുന്നത് എന്തിന്?
പൗരത്വ ഭേദഗതി ബില്ലിനെതിരേ ഏറ്റവും വലിയ പ്രതിഷേധം ഉയര്‍ന്നത് ആസ്സാമില്‍ നിന്നുമായിരുന്നു. ബംഗ്ളാദേശില്‍ നിന്നുള്ള അനധികൃത ബംഗാളി ഹിന്ദുക്കളുടെ കുടിയേറ്റ ഭീഷണിയാണ് ആസ്സാമിന്റെ പ്രതിഷേധങ്ങളുടെ കാതല്‍. ബംഗ്ളാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരേയുള്ള നീക്കങ്ങള്‍ ആസ്സാമില്‍ 1979 മുതലുണ്ട്.
തങ്ങളുടെ സാംസ്ക്കാരിക ഭാഷാ വ്യക്തിത്വത്തിന് നിയമം ഭീഷണിയാകുമോ എന്നതാണ് മറ്റൊരു ആശങ്ക. ഗോത്ര വിഭാഗക്കാര്‍ കൂടുതലുള്ള ഇവിടെ മറ്റുള്ളവരുടെ കടന്നു വരവ് തങ്ങളുടെ സംസ്ക്കാരത്തെ ഇല്ലാതാക്കുമെന്ന് ഭയം. ഭാഷയും സംസ്ക്കാരവും എടുത്തുമാറ്റപ്പെടുമോ എന്ന ഭയത്തിന് പുറമേ ഭൂവിഭവങ്ങളും തൊഴിലവസരങ്ങളും കുറയുമോ എന്ന ആശങ്കകള്‍ വേറെയുമുണ്ട്.
ആസാമില്‍ നാട്ടുഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. 1991 ല്‍ അസമീസ് സംസാരിക്കുന്നവര്‍ 51 ശതമാനമായിരുന്നെങ്കില്‍ പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 48 ശതമാനമായി. ഈ കാലയളവില്‍ ബംഗാളി സംസാരിക്കുന്നവരുടെ എണ്ണം 22 ല്‍ നിന്നും മുപ്പത് ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ബംഗാളി ഹിന്ദുക്കള്‍ കൂടുതലുള്ള ആസാമിലെ ബരാക് താഴ്വരയില് ആസാമീസിനെ സംസ്ഥാനഭാഷായി അംഗീകരിക്കുന്നില്ല.
1971 ന് ശേഷം ആസാമില്‍ കുടിയേറിയവര്‍ക്ക് ആര്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസത്തിന് അനുമതിയില്ലെന്ന 1985 ലെ ആസാം ഉടമ്പടിയുടെ ലംഘനമാണ് സിഎബിയെന്നും ആസാംകാര്‍ ചൂണ്ടിക്കാട്ടുന്നു.
ബംഗ്ളാജനതയുടെ കുടിയേറ്റ ഭീഷണി ശക്തമായി നേരിടുന്ന ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ ആസ്സാമിന് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ നിയമങ്ങള്‍ ഇരട്ടപ്രഹരമാണ്. പുതിയതായി അവതരിപ്പിച്ചിരിക്കുന്ന പൗരത്വ റജിസ്റ്റര്‍ അവിടെ കാലങ്ങളായി താമസിക്കുന്ന ഒരു വിഭാഗത്തെ കുടിയിറക്കല്‍ ഭീഷണിയിലേക്ക് നയിക്കുമ്പോള്‍ രണ്ടാമത്തെ നിയമം കുടിയേറ്റക്കാരുടെ അധികഭാരവും സൃഷ്ടിക്കുന്നു. ആസാം ജനതയെ അവിടെ താമസിച്ചിരുന്ന അവരുടെ പൂര്‍വ്വികരുടെ രേഖകള്‍ വെച്ച് തയ്യാറാക്കിയ പ്രത്യേക പൗരത്വ റജിസ്റ്റര്‍ (എന്‍ ആര് സി) തന്നെ വലിയ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് സമാനഗതിയിലുള്ള പൗരത്വ ഭേദഗതി ബില്‍ (സിഎബി)യും വരുന്നത്.
പൂര്‍വ്വികരുടെ കാലം മുതല്‍ ഇന്ത്യയില്‍ താമസിക്കുന്നവരെ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതാണ് എന്‍ആര്‍സി. മതിയായ സര്‍ക്കാര്‍ രേഖകളുടെ അഭാവത്തില്‍ ഏകദേശം 19 ലക്ഷം ജനങ്ങളാണ് വിദേശ പൗരന്മാരായത്. ഇവര്‍ക്ക് ഇന്ത്യയില്‍ നിന്നും പുറത്തു പോകുകയോ അല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി നിര്‍മ്മിക്കുന്ന അഭയാര്‍ത്ഥി കേന്ദ്രത്തിലോ മാറേണ്ടിവരും. ഈ അസ്വസ്ഥതകള്‍ക്ക് ഇടയിലേക്കാണ് സിഎബി വരുന്നത്.
സിഎബി ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് തുണയാകുമെന്നായിരുന്നു ആസാംജനത ആദ്യം പ്രതീക്ഷിച്ചത്. പത്തുലക്ഷത്തിന് മുകളില്‍ പേര് പുറത്താകുമ്പോള്‍ ഏഴുലക്ഷത്തോളം പേര് അനധികൃതമായി അകത്തേക്ക് കടന്നു വരുന്നതാണ് അസം ജനത നേരിടുന്ന ഭീതി. മതത്തെ പരിഗണിക്കാതെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുന്നതാണ് എന്‍ആര്‍ സി യെങ്കില്‍ സംസ്ഥാനത്തെ മുസ്ളീം ഇതര വിഭാഗത്തിലെ കുടിയേറ്റക്കാര്‍ക്ക് ഗുണം ചെയ്യുന്നതാണ് സിഎബി എന്നാണ് അസമിലെ പ്രതിഷേധത്തിന് കാരണം.
ആസ്സാമിലെ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ദേശീയ പൗരത്വ റജിസ്റ്റര്‍ പ്രകാരം അസമില്‍ താമസിക്കുന്നയാള്‍ പരമ്പരാഗതമായി അവിടുത്തുകാരനാണെന്ന് തെളിയിക്കണം. അതായത് അയാളുടെ പൂര്‍വ്വികര്‍ 1971 ന് മുമ്പ് മുതല്‍ ആസ്സാമില്‍ താമസിച്ചിരുന്നു എന്ന് കാട്ടുന്ന രേഖകള്‍ ഉണ്ടായിരിക്കണം. ഇതാകട്ടെ പൗരത്വ ഭേദഗതി റജിസ്റ്റര്‍ പോലെ മതപരം അല്ലതാനും. ആസാംകാരനായി പൗരത്വം തെളിയിക്കാന്‍ രേഖകള്‍ അനുസരിച്ച് പട്ടിക തയ്യാറാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷത്തെ യാതൊരു മാനദണ്ഡവും കൂടാതെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുത് വൈരുദ്ധ്യമല്ലേ എന്നതാണ് ചോദ്യം.
സിഎബി അനുസരിച്ച് ഇസ്ളാമികളെ ഒഴിവാക്കുന്ന ഇന്ത്യ മറ്റു മതക്കാരായ അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഇത് നിയമപരമായി ഇന്ത്യന്‍ മുസ്ളീങ്ങളെ രണ്ടാം തരം പൗരന്മാരായി ഗണിക്കുന്നതിന് തുല്യമായി മാറുന്നുണ്ട്. ഇത് എല്ലാ മനുഷ്യരെയും തുല്യമായി കാണുന്ന ഇന്ത്യന്‍ ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെ ലംഘനമായും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഭേദഗതി വരുത്താം എന്നല്ലാതെ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് ഒരു പാര്‍ലമെന്റിനും മാറ്റം വരുത്താന്‍ കഴിയുകയില്ല. അതില്‍ വിവേചനം കാട്ടാതെയും ലംഘിക്കാതെയും തുല്യതയ്ക്കുള്ള അവകാശം ഹനിക്കാതെയും കേടുപാടുകള്‍ പരിഹരിക്കാമെന്ന് മാത്രം.
പാകിസ്താന് മതപരമായ ആശയത്തിന് കീഴിലാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും ഇന്ത്യ അങ്ങിനെയായിരുന്നില്ല എന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യരൂപീകരണ കാലത്ത് മുസ്ളീം ലീഗിനും ചില ഹിന്ദു സംഘടനകള്‍ക്കും മാത്രമായിരുന്നു മുസ്ളീമിനും ഹിന്ദുവിനും വെവ്വേറെ രാഷ്ട്രമെന്ന ആശയത്തോട് താല്‍പ്പര്യം ഉണ്ടായിരുന്നത്. ഇന്ത്യയെ സൃഷ്ടാക്കള്‍ വിഭാവനം ചെയ്തതാകട്ടെ ഒരു മതേതര രാജ്യമായിട്ടും. മതത്തെ പരിഗണിക്കാതെ എല്ലാ പൗരന്മാര്ക്കും രാജ്യത്ത് പൂര്‍ണ്ണാംഗത്വം. സിഎബി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡമാക്കുന്നത് ഇന്ത്യാ വിഭജനമാണെങ്കില്‍ നിയമത്തിന്റെ പരിധിയിലേക്ക് അഫ്ഗാനിസ്ഥാന് കയറി വന്നത് എവിടെ നിന്നാണെന്ന ചോദ്യവും ഉയരും.
സിഎബി ഇന്ത്യന്‍ ഭരണഘടനയില്‍ ഗോത്ര വംശീയര്‍ക്ക് സ്വതന്ത്ര പദവി നല്കുന്ന ആസ്സാം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ ആറാം അനുച്ഛേദത്തില്‍ പ്രായോഗികവുമല്ല.
സര്‍ക്കാരിന്റെ വാദം
കോണ്‍ഗ്രസ് രാജ്യം വിഭജിച്ചില്ലായിരുന്നെങ്കില്‍ ഈ നിയമത്തിന്റെ ആവശ്യം തന്നെ ഇല്ലായിരുന്നു എന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. ശക്തമായ പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും എന്തു വന്നാലും നിയമത്തില്‍ നിന്നും പിന്തിരിയില്ലെന്ന് നിലപാടാണ് സര്‍ക്കാരിന്. പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം മയപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രം.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളില്‍ മതാധിഷ്ഠിതമായി പീഡിതരാക്കപ്പെട്ട ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് ചരിത്രപരമായി ബാധ്യതയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗഌദേശ് എന്നീ രാജ്യങ്ങള്‍ ഇസഌമിക രാജ്യമാണെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഇവിടെ നിന്നുള്ള മുസ്ളീങ്ങളെ പരിഗണിക്കേണ്ടതില്ല.
1947 നവംബറില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പാസ്സാക്കിയ പ്രമേയത്തില്‍ പാകിസ്താനില്‍ നിന്നും കടന്നു വന്നവരും ഭാവിയില്‍ വരാനിരിക്കുന്നതുമായ അമുസ്ളീങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ടത് ബാധ്യതയാണെന്ന് തീരുമാനിച്ചിരുന്നു. രണ്ടായിരത്തി മൂന്നില്‍ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരിക്കെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ബിജെപി സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയും ഇക്കാര്യം ശ്രദ്ധയില്‍ വെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
1971 നെ അടിസ്ഥാനമാക്കി 1985 ല്‍ അസം ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുമ്പോള്‍ ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും ബിജെപി പറയുന്നു. 1955 ലെ പൗരത്വ നിയമത്തില്‍ 14 എ എന്ന വകുപ്പ് രണ്ടായിരത്തി നാല് ഡിസംബര്‍ മൂന്നിന് ഒന്നാം യുപിഎ സര്‍ക്കാര്‍ ചേര്‍ക്കുന്നു. അതിന് ശേഷം റൂള്‍ നാല് രണ്ടായിരത്തി ഒമ്പതിന് ചേര്‍ത്തു. ഈ വകുപ്പാണ് എന്‍ആര്‍സി രാജ്യത്തെമ്പാടും വ്യാപിപ്പിക്കാനുള്ള അനുമതി നല്‍കുന്നത്.
പ്രതിഷേധങ്ങള്‍
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ന്യൂഡല്ഹിയിലുമായിരുന്നു പ്രതിഷേധം. ഡിസംബര്‍ രണ്ടാം വാരത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും പാസ്സായി പ്രസിഡന്റ് ഒപ്പുവെച്ചതിന് പിന്നാലെയാണ് അസം ജനത ബില്ലിനെതിരേ രംഗത്ത് വന്നത്. വിദ്യാര്‍ത്ഥികള്‍ തുടങ്ങിവെച്ച പ്രതിഷേധം നാട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. ജനങ്ങള്‍ തെരുവിലിറങ്ങിയും പൊതുമുതല്‍ നശിപ്പിച്ചും സമരം ശക്തമായി. അസമില്‍ നിന്നും സംഘര്‍ഷം പതിയെ മേഘാലയയിലേക്കും ത്രിപുരയിലേക്കും ബംഗാളിലേക്കും പടര്‍ന്നു. ബില്ലിനെ എതിര്‍ത്ത് കൊണ്ടുള്ള പഞ്ചാബിലെയും ബംഗാളിലെയും പ്രതിഷേധത്തിന് മുന്‍കയ്യെടുത്തത് മുഖ്യമന്ത്രിമാര്‍ കൂടിയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പടുകൂറ്റന്‍ റാലി നടത്തി.
ഡിസംബര്‍ 15 ന് ജാമിയ മിലിയ ഇസ്ളാമിക സര്‍വകലാശാലയാണ് ഡല്‍ഹിയില്‍ സമരം തുടങ്ങിവെച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഡല്‍ഹിപോലീസിന്റെ നീക്കം തലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് വെടിവെയ്പ്പും കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഇസഌമിയ ജാമിയ സര്‍വകലാശാല ക്യാംപസിനുള്ളില്‍ കയറിയ പോലീസ് ലൈബ്രറിയ്ക്കുള്ളില്‍ നടത്തിയ ആക്രമണത്തില്‍ അനേകം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
അക്രമത്തില്‍ പങ്കാളികളായെന്ന് ആരോപിച്ച് ജാമിയ സര്‍വകലാശാലയിലെ നൂറ് വിദ്യാര്‍ത്ഥികളെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തത് സമരം ശക്തിപ്പെട്ടു. ഇവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തോട് ഡല്‍ഹി സര്‍വകലാശാലയിലെയും ജെഎന്‍യുവിലെയും കൂടി വിദ്യാര്‍ത്ഥികള്‍ എത്തിയതോടെ വലിയ പ്രതിഷേധമായി കാര്യങ്ങള്‍ മാറി. രാജ്യത്തെ മറ്റു സര്‍വകലാശാലകളിലേക്കും പടര്‍ന്നു. ഉത്തര്‍പ്രദേശിലെയും തെലുങ്കാനയിലെയും ആന്ധ്രയിലെയും തമിഴ്നാട്ടിലെയും വിദ്യാര്‍ത്ഥികള്‍ പിന്തുണയുമായി രംഗത്ത് വന്നു. തുടക്കത്തില്‍ വിദ്യാര്‍ത്ഥി സമരത്തിന് കിട്ടിയ പിന്തുണ പിന്നീട് ബില്ലിനെതിരേയുള്ള കൂറ്റന്‍ സമരമായി മാറി.