വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീ പടര്‍ത്താന്‍ ഐഎല്‍പി
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീ പടര്‍ത്താന്‍ ഐഎല്‍പി
Authored by പി.എസ്. അഭയന് | Last updated: 31 Dec 2019, 4:23 PM | 5 min read
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തുമാറ്റിയതിലൂടെ ഒറ്റ ഇന്ത്യ എന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതെങ്കിലും അതിന് നേരെയുള്ള ചോദ്യചിഹ്നമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മിസോറം എന്നീ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന ഈ പ്രത്യേക പദവി.
പൗരത്വഭേദഗതി ബില്ലും ദേശീയ പൗരത്വ റജിസ്റ്ററും കേന്ദ്ര സര്‍ക്കാരിന് ഉണ്ടാക്കി വെച്ചിരിക്കുന്ന പുകിലും തലവേദനയും ചില്ലറയല്ല. രണ്ടിനുമെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിവെച്ച പ്രതിഷേധം ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കൊണ്ടിരിക്കെ ഇക്കാര്യത്തില്‍ വിശദീകരണത്തിന് ഒരുങ്ങുകയാണ് ബിജെപി.
പൗരത്വ ഭേദഗതി ബില്ലും പൗരത്വ റജിസ്റ്ററും വന്‍ വിവാദം സൃഷ്ടിക്കുമ്പോള്‍ ല വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കുടിയേറ്റ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ഇന്നര്‍ ലൈന്‍ പെര്‍മിറ്റും (ഐഎല്‍പി) മറനീക്കി പുറത്തുവരികയാണ്.
വരും വര്‍ഷങ്ങളില്‍ ഒരുപക്ഷെ സി.എ.ബിക്കും എന്‍.ആര്.സിക്കും മുകളില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയമാകും ഇന്നര്‍ലൈന്‍ പെര്‍മിറ്റ്. കശ്മീരില്‍ നില നിന്നിരുന്ന 370 ാം വകുപ്പിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ മറ്റൊരു മുഖവും വ്യക്തമാക്കിത്തരുന്ന ഐഎല്‍പി യ്ക്ക് വേണ്ടി കൂടുതല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തുമാറ്റിയതിലൂടെ ഒറ്റ ഇന്ത്യ എന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതെങ്കിലും അതിന് നേരെയുള്ള ചോദ്യചിഹ്നമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മിസോറം എന്നീ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന ഈ പ്രത്യേക പദവി. പൗരത്വ ഭേദഗതി നിയമം ആസാമില്‍ വലിയ പ്രതിഷേധം സൃഷ്ടിക്കുമ്പോള്‍ നിയമം രാജ്യസഭ പാസ്സാക്കുന്നതിന്റെ തലേന്ന് മണിപ്പൂര്‍ ഐഎല്‍പി പരിഗണന കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേടിയെടുത്തു.
അന്തര്രേഖാ അനുമതി (ഐഎല്‍പി)
ഇന്ത്യന്‍ പൗരനായിരിക്കെ തന്നെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍പോലും പ്രത്യേക അനുമതി വേണ്ടി വരുന്ന സംവിധാനമെന്ന് ലളിതമായി ഐഎല്പിയെ വിലയിരുത്താം. ഒരു ഇന്ത്യന്‍ പൗരന് രാജ്യത്തെ എല്ലായിടത്തും സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഭരണഘടന വിഭാവനം ചെയ്യുമ്പോള്‍ ചില സംരക്ഷിത സംസ്ഥാനങ്ങളില്‍ ഒരു പ്രത്യേക കാലത്തേക്ക് പോകാനും താമസിക്കാനും പ്രത്യേക അനുമതി ശുപാര്‍ശ ചെയ്യുന്ന രേഖയാണ് അന്തര്രേഖാ അനുമതി.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തു നിന്നും ഈ സംസ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് പ്രവേശിക്കാനും താമസിക്കാനും എത്രദിവസം തങ്ങുമെന്നുമുള്ള വിവരങ്ങള്‍ പെര്‍മിറ്റില്‍ രേഖപ്പെടുത്തും. ആരാണ്, എന്തിനാണ് വന്നത്, എവിടെയാണ് താമസിക്കുന്നത്, എത്ര ദിവസം ഉണ്ടാകും, എന്താണ് ലക്ഷ്യം, എന്ന് മടങ്ങും കൂട്ടത്തില്‍ ആരൊക്കെയുണ്ടാകും തുടങ്ങിയ വിവരങ്ങളെല്ലാം പരാമര്‍ശിച്ച് നല്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി. കാലാവധി പൂര്‍ത്തിയായാല്‍ അപ്പോള്‍ തന്നെ പുറത്തു കടക്കണം. തൊഴില്‍ ചെയ്യാനോ ബിസിനസ് നടത്താനോ, സ്ഥലം വാങ്ങാനോ പാടില്ല.
ഈ സംസ്ഥാനങ്ങളില്‍ താമസിക്കണമെങ്കില്‍ പ്രത്യേക അനുമതി വേണം. എത്രകാലമുണ്ടാകുമെന്ന് പെര്‍മിറ്റില്‍ രേഖപ്പെടുത്തും. ആറു മാസം കൂടുമ്പോള്‍ പെര്‍മിറ്റ് പുതുക്കുകയും വേണം. അതാതു സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രാലയം നല്കുന്ന അനുമതി കാര്‍ഡില്‍ യാത്രാ തീയതിയും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാണും. ആ സ്ഥലത്തേക്ക് മാത്രമേ യാത്ര ചെയ്യാനുമാകൂ.
ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഇന്ത്യക്കാര്‍ക്ക് മാത്രമുള്ളതാണ്. വിദേശിയാണെങ്കില്‍ അരുണാചലില്‍ പ്രൊട്ടക്ടഡ് ഏരിയ പെര്‍മിറ്റ് വേണം. നാലായിരം രൂപ ഫീസ് കൊടുത്താലേ സായിപ്പിന് അതു കിട്ടൂ. അത് വിദേശ സഞ്ചാരികളുടെ എണ്ണം കുറയ്ക്കാനാണ് . അതേസമയം ഐഎല്‍പിയുടെ കീഴിലുള്ള നാഗാലാന്‍ഡില്‍ വിദേശികള്‍ക്ക് പ്രത്യേക അനുമതി വേണ്ട. ഇന്ത്യന്‍ വീസയെ അനുമതിയായി അവര്‍ കണക്കാക്കുന്നു.
നിലവില്‍ അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, മണിപ്പൂര്‍, മിസോറം സംസ്ഥാനങ്ങളാണ് ഇതിന്റെ ഫലം പറ്റുന്നത്. മേഘാലയ, ത്രിപുര, അസം സംസ്ഥാനങ്ങളും ആവശ്യത്തിനായി രംഗത്തുണ്ട്.
ഐഎല്‍പിയുടെ ചരിത്രം
അന്തര്രേഖാ അനുമതി ശരിക്കും ബ്രിട്ടീഷുകാരുടെ ബുദ്ധിയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് വടക്കുകിഴക്കന്‍ ഗോത്ര മാഹാത്മ്യം നില നിന്ന പ്രദേശങ്ങളിലെ ബിസിനസ് സംരംഭങ്ങളിലേക്ക് ഇന്ത്യയുടെ മറ്റിടങ്ങളില്‍ നിന്നുള്ള അനാവശ്യ ഇടപെടല്‍ ഉണ്ടക്കാതിരിക്കാന് 1873 ലെ ഈസ്റ്റേണ്‍ ഫ്രണ്ടിയര്‍ റഗുലേഷന് കീഴില്‍ കൊണ്ടുവന്ന യാത്രാരേഖയാണ് പിന്നീട് ഐഎല്പിയായി മാറിയത്.
സ്വാതന്ത്ര്യത്തിന് ശേഷം ആയിരത്തിത്തൊള്ളായിരത്തി അമ്പതില്‍ നിയമം പിന്നീട് പുറത്തു നിന്നുള്ള കുടിയേറ്റം സംരക്ഷിക്കാനുള്ള നിയമമാക്കി. പ്രദേശത്തെ ഗോത്ര സംസ്കൃതിയെ പുറത്തു നിന്നുള്ള കുടിയേറ്റത്തില്‍ നിന്നും സംരക്ഷിക്കല്‍ ആയിരുന്നു ഉദ്ദേശം. പുറത്തുളളവര്‍ അനധികൃതമായി ഗോത്ര ജനതയിലേക്ക് കടന്നു കയറാതിരിക്കാനും ജനസംഖ്യ സംരക്ഷിക്കാനും വേണ്ടിയുള്ളതായി നിയമം മാറി.
അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ 1873 മുതല്‍ ഐ.എല്‍.പി നിലവിലുണ്ട്. ബ്രിട്ടീഷ് രാജില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അതെടുത്തു കളയാന്‍ സര്‍ദാര്‍ പട്ടേല്‍ ശ്രമം നടത്താന്‍ ശ്രമം നടത്തിയിരുന്നു. കശ്മീരിലെ 370 വകുപ്പിനോടൊപ്പം ഇതും കൂടി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ആര്.എസ്.എസുകാര്‍ ഐ.എല്‍.പി ലംഘിച്ച് ജാഥ നയിച്ച് അറസ്റ്റ് വരിച്ച ചരിത്രവുമുണ്ട്.
സ്വന്തം ജനതയുടെ കരുതല്‍ ലക്ഷ്യമിട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍ പലപ്പോഴായി ഐ.എല്‍.പി അവകാശം ചോദിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയിട്ടില്ലെന്ന് മാത്രം. 1873നു ശേഷം മണിപ്പൂരിന് പദവി നല്കി അമിത് ഷായാണു ഈ നിയമം പൊടി തട്ടിയെടുത്തത്.
എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങള്‍ക്കും ഐഎല്‍പി?
മണിപ്പൂരിന് കൂടി പദവി കിട്ടിയതോടെ അസമും ത്രിപുരയും മേഘാലയയും ഐഎല്പിയ്ക്കായി അവകാശ വാദം തുടങ്ങിയിട്ടുണ്ട്. ദേശീയ പൗരത്വ റജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും വലിയ പ്രതിഷേധം ഇളക്കി വിട്ടപ്പോള്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാതിരിക്കാനാണ് മണിപ്പൂരിന് കേന്ദ്രം ഐഎല്‍പി നല്‍കിയതെന്ന വാദം ശക്തമാണ്. ഇതിനായി ഡല്‍ഹിയില്‍ മണിപ്പൂര്‍ മന്ത്രിമാരെ അമിത്ഷാ വിളിച്ചു വരുത്തിയെന്നും അവര്‍ ഐഎല്‍പി ഉടമ്പടി വെച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
സിഎബി നടപ്പാക്കുന്നതിലൂടെ നഷ്ടമാകുന്ന തങ്ങളുടെ സാംസ്ക്കാരിക തനിമയും ഭാഷയും ഭൂസമ്പത്തും തൊഴിലവസരവും കുടിയേറ്റക്കാരുമായി പങ്കുവെയ്ക്കപ്പെടാതിരിക്കാനും അനധികൃത ഇടപെടലില്‍ നിന്നും അകന്നു നില്‍ക്കാനുമാണ് മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഐഎല്പിയ്ക്കായി അവകാശവാദം ഉന്നയിക്കുന്നത്.
സംസ്ഥാനം ഐഎല്‍പിയുടെ പരിധിയില്‍ ആയിരുന്നെങ്കിലും നാഗാലാന്റിലെ ഏറ്റവും വലിയ നഗരമായ ദിമാപൂര്‍ ഐഎല്‍പിയുടെ പരിധിയില്‍ അല്ലായിരുന്നു. എന്നാല്‍ സിഎബി രാജ്യസഭയില്‍ പാസ്സാകുന്നതിന്റെ തലേ ദിവസം നാഗാലാന്റ് സര്‍ക്കാര്‍ ദിമാപൂരില്‍ ഐഎല്‍പി പരിധിയിലാക്കി പ്രത്യേക നിര്‍ദേശം ഇറക്കി.
പൗരത്വ ഭേദഗതി നിയമവും ഐഎല്‍പിയും
കശ്മീരില്‍ 370ാം വകുപ്പ് നിലവിലുള്ളപ്പോള്‍ നമുക്ക് കശ്മീരില്‍ വസ്തുവകകള്‍ സമ്പാദിക്കുന്നതിന് തടസ്സമുണ്ടായിരുന്നെങ്കിലും യാത്ര ചെയ്യാനോ എത്ര ദിവസം വേണമെങ്കിലും താമസിക്കുന്നതിനോ പ്രത്യേക പെര്‍മിറ്റിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ജോലിയും ചെയ്യാമായിരുന്നു. എന്നാല്‍ ഐ.എല്‍.പി സംസ്ഥാനത്തെ പോലീസിന് അതിര്‍ത്തികളില്‍ അന്യ സംസ്ഥാനക്കാരനെ തടയാനാകും.
പൗരത്വ ഭേദഗതി നിയമത്തിന് കീഴില്‍ പൗരത്വം നേടുന്ന അന്യ രാജ്യക്കാരന് ് തൊട്ടടുത്തുള്ള ഐഎല്‍പി സംസ്ഥാനങ്ങളിലേക്ക് കയറാനാില്ല. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുമാകും. അതുപോലെ ഐ.എല്‍.പി അനുവദിച്ചു കൊടുത്തതിനാല്‍ മണിപ്പൂരുകാരന്‍ കേരളത്തിലോ തമിഴ്നാട്ടിലോ ജോലി ചെയ്യാന്‍ എത്തുമ്പോള്‍ മണിപ്പൂരില്‍ ജോലി ചെയ്യാനോ സ്ഥലം വാങ്ങാനോ മലയാളിക്കോ തമിഴനോ ബംഗാളിക്കോ കഴിയില്ല.
ഐഎല്പിയ്ക്ക് കീഴില്‍ സംസ്ഥാനത്തെ തൊഴില്‍ മേഖല സംരക്ഷിക്കപ്പെടുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ അതില്ല. അതേസമയം ഇപ്പോള്‍ മിക്ക സംസ്ഥാനങ്ങളും സ്വന്തം നാട്ടുകാരുടെ തൊഴിലവസരം നില നിര്‍ത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത കാലത്താണ് ആന്ധ്ര സ്വകാര്യമേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. രാജസ്ഥാന് 80 ശതമാനം അവസരങ്ങള്‍ നാട്ടുകാര്‍ക്കായി നീക്കിവെച്ചു. മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സര്‍ക്കാരുകള്‍ ഈ ആലോചന തുടങ്ങിയിട്ടുമുണ്ട്.
അതേസമയം കേരളത്തില്‍ അന്യസംസ്ഥാനക്കാര്‍ ചെയ്യുന്ന തരം കൂലിവേലകള്‍, ഹോട്ടലുകള്‍, ചെറുകിട നിര്‍മ്മാണ മേഖലകള്‍, തൊഴിലാളികള്‍ തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങള്‍ അന്യസംസ്ഥാനക്കാരില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയുകയുമില്ല. പക്ഷേ ഇത്തരം കാര്യങ്ങളെ വരെ ഐഎല്‍പി യ്ക്ക് മറി കടക്കാനാകും. ഇത്തരം സവിശേഷ ആനുകൂല്യമാണ് ഐഎല്‍പി നല്‍കുന്നത്.
ദേശീയ പൗരത്വ റജിസ്റ്ററും പൗരത്വ ഭേദഗതി നിയമവുമെല്ലാം അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഐഎല്‍പിയുടെ ഭാഗമായാല്‍ കേന്ദ്രം പുതിയതായി നടപ്പാക്കുന്ന പൗരത്വഭേദഗതി ബില്‍ കാര്യമായ പ്രശ്നം ഉണ്ടാക്കില്ല എന്നതാണ് സംസ്ഥാനങ്ങള്‍ മുന്നില്‍ കാണുന്നത്.
സിഎബി നല്കുന്ന ആനൂകൂല്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ഐഎല്‍പി സംസ്ഥാനങ്ങളില്‍ തങ്ങാനാകില്ല. അവര്‍ക്ക് ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരും. ഐഎല്‍പി പരിരക്ഷ നല്കുന്നതിനാല് അരുണാചല്‍, നാഗാലാന്റ്, മണിപ്പൂര്‍, മിസോറം സംസ്ഥാനങ്ങളെ വിഷയം ബാധിക്കില്ല. പൗരത്വ ഭേദഗതി ബില്‍ പ്രകാരം പൗരത്വം അനുവദിച്ചു കിട്ടിയാലും അവര്‍ക്ക് ഈ നാലു സംസ്ഥാനങ്ങളില്‍ താമസിക്കാനാകില്ല.
രേഖയില്‍ അനുവദിക്കുന്ന കൃതമായ കാലയളവിന് ശേഷം മടങ്ങേണ്ടി വരും. അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നം ഏറ്റവും നേരിടുന്നത് ആസ്സാം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളാണ്. ഇവിടുത്തെ ചില ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടം ഭരണഘടനയുടെ ആറാം പട്ടികയില്‍ പെടുത്തിയിരുന്നു. ഇവിടെ സിഎബി ശരിയാകില്ല. ബംഗഌദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം എന്ന നിലയില്‍ മിസോറത്തിനാണ് കൂടുതല്‍ കുടിയേറ്റ പ്രശ്നം നേരിടേണ്ടി വരിക.
പുതിയ പൗരത്വ ബില്ലിലൂടെ ഇന്ത്യന്‍ പൗരന്മാരാകുന്ന ബംഗഌദേശികളും പാകിസ്താന്‍കാരും അഫ്ഗാനിസ്ഥാന്കാരും ഐഎല്പിയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകാനാകില്ല. പകരം ദക്ഷിണേന്ത്യയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കുമാകും ഈ ഒഴുക്ക്.
മണിപ്പൂരിലും ഐഎല്‍പി
വര്‍ഷങ്ങളായി മണിപ്പൂരില്‍ ഗോത്ര വിഭാഗങ്ങള്‍ ഐഎല്പിയ്ക്കായി സമരം ചെയ്യുകയാണ്. പൗരത്വ ബില്‍ അവതരിപ്പിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് അമിത് ഷാ മണിപ്പൂരിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായിട്ടാണ് വിവരം. ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി സമരം ഉണ്ടാക്കാരുതെന്ന് ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. പകരം ഐഎല്‍പി മണിപ്പൂരില്‍ നടപ്പാക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം.
പൗരത്വം കിട്ടാന്‍ പോകുന്ന ബംഗാളി ഹിന്ദുക്കള്‍ മണിപ്പൂരിലേക്ക് എത്താതിരിക്കാനുള്ള മുന്‍കരുതലായിരുന്നു മണിപ്പൂരിന്റെ ലക്ഷ്യം. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും രാഷ്ട്രപതി ഒപ്പുവെയ്ക്കുകയും ചെയ്തു. സന്തോഷ സൂചകമായി മണിപ്പൂരില്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധിയും കൊടുത്തു. മണിപ്പൂരില്‍ ഐ.എല്‍.പി നടപ്പായതിനു ശേഷം ആദ്യമായി പെര്‍മിറ്റ് കിട്ടിയത് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവിനായിരുന്നു.
ഐഎല്‍പി പദവി വാഗ്ദാനം ചെയ്തായിരുന്നു സിഎബിയ്ക്കെതിരേ ത്രിപുരയില്‍ ഉയര്‍ന്നുവന്ന സമരവും അമിത് ഷാ തടയിട്ടതെന്ന് ആരോപണമുണ്ട്. മേഘാലയും ആവശ്യവുമായി സമീപിച്ചിട്ടുണ്ട്. അസമിലെ പ്രക്ഷോഭവും ഐഎല്‍പി നടപ്പാക്കുന്നതിന് വേണ്ടിയാണെന്ന വിലയിരുത്തലുമുണ്ട്.
ഐഎല്പിയില് സര്‍ക്കാരിന്റെ വാദം
ഐഎല്‍പി ഒരു യാത്രാ രേഖ മാത്രമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. നാഗാലാന്റ് പോലെയുള്ള സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ജീവിത രീതി, ഭാഷ, ഗോത്രാചാരം എന്നിവയുമായി ഇരുനൂറിലധികം ഗോത്ര സമൂഹങ്ങളുണ്ട്. ഈ ഗോത്രങ്ങള്‍ തമ്മില്‍ അനേകം വ്യത്യാസങ്ങളുണ്ട്. ഇന്ത്യയ്ക്ക് ഒരൊറ്റ നിയമം ഉണ്ടെന്നു പോലും ഈ സമൂഹം അജ്ഞരാണ്.
ഇവരുടെ സ്വത്ത്, ആചാരങ്ങള്‍, വ്യത്യസ്തകള്‍, സംസ്ക്കാരം, ഭാഷ എന്നിവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. പുറത്തു നിന്നുള്ളവരുടെ കടന്നുകയറ്റങ്ങള്‍ക്ക് ഇതിലൂടെ നിയന്ത്രണം വേണമെന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളും ആവശ്യപ്പെടുന്നത്.
നിലവില്‍ തന്നെ എല്ലാ ഗോത്ര സംസ്ഥാനങ്ങളിലും പുറത്തു നിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങുന്നതിന് നിയന്ത്രണം ഉണ്ട്. ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങള്‍ മാനിച്ചു അരുണാചലിലെ ചില ഗോത്രവിഭാഗക്കാര്‍ക്ക് കഞ്ചാവ് വളര്‍ത്താനും നാഗാലാന്‍ഡിലെ ഗോത്ര വിഭാഗങ്ങള്‍ക്ക് മൃഗവേട്ടയും സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്.