കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവം. 17ാം ലോക്സഭയിലേക്ക് ഏഴ് ഘട്ടങ്ങളായി നടന്ന ജനവിധിയില്‍ പ്രതിപക്ഷ കക്ഷികളെ നിഷ്പ്രഭരാക്കി മോഡി വീണ്ടും ഭരണം പിടിച്ചു.
ഏഴ് സംസ്ഥാന നിയമസഭകളിലേക്കും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടന്നു. ഏപ്രിലില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലാണ് ആദ്യം തെരഞ്ഞെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു തെലുങ്കുദേശം പാര്‍ട്ടിയിലെ എന്‍.ചന്ദ്രബാബു നായിഡുവിന്റെ ഭരണത്തിന് അന്ത്യംകുറിച്ച് വൈ.എസ് ജഗന്മോഹന് റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് പാര്‍ട്ടി ഭരണം പിടിച്ചു.
ഒഡീഷയില്‍ നവീന്‍ പട്നായിക്ക് (ബിജു ജനതാദള്‍) സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി. അരുണാചല്‍ പ്രദേശില്‍ സഖ്യസര്‍ക്കാരിന് അന്ത്യം കുറിച്ച് പ്രേമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഒറ്റയ്ക്ക് അധികാരം നിലനിര്‍ത്തി. സിക്കിമില്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെ അട്ടിമറിച്ച് പ്രേം സിംഗ് തമാസംഗിന്റെ നേതൃത്വത്തില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയും ബി.ജെ.പിയും ചേര്‍ന്ന് ഭരണം പിടിച്ചു.
ഒക്ടോബറില്‍ ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഹരിയാനയില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തിയപ്പോള്‍, മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. ബി.ജെ.പിക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിട്ട ശിവസേന മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി 30 വര്‍ഷത്തിലേറെ നീണ്ട കൂട്ടുകെട്ടില്‍ നിന്ന് വഴിപിരിഞ്ഞു. രാഷ്ട്രപതി ഭരണവും പുലര്‍ച്ചെ അത് പിന്‍വലിച്ചുള്ള ദേവേന്ദ്ര ഫഡ്നവീസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കും പോയ വര്‍ഷം രാജ്യം സാക്ഷ്യംവഹിച്ചു. അധികാരത്തിലെത്തിയ ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കും മുന്‍പ് രാജിവച്ചൊഴിഞ്ഞു. രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയായ മഹാരാഷ്ട്രയില്‍ ഒടുവില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരമേറ്റു. ബി.ജെ.പി ഭരിച്ചിരുന്ന ഝാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും പരാജയമായിരുന്നു ഫലം.
കര്‍ണാടകയില്‍ ജനവിധിയിലൂടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ ഭരണംപിടിച്ചതും ഈ വര്‍ഷമാണ്. വിശ്വാസവോട്ടില്‍ പരാജയപ്പെട്ട കുമാരസ്വാമി ജൂലായ് 23ന് രാജിവച്ചു. 26ന് യെദിയൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റു. കൂറുമാറിയ ജെ.ഡി.എസ്- കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ അയോഗ്യരാക്കിയെങ്കിലും സുപ്രീം കോടതി വിധിയുടെ ബലത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ച 12 അംഗങ്ങള്‍ യെദിയൂരപ്പ സര്‍ക്കാരിന്റെ അടിത്തറ ഉറപ്പിച്ചു.
കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റുകളും പിടിച്ച് യു.ഡി.എഫ് കരുത്തു തെളിയിച്ചു. ആറ് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് വീതം എല്‍.ഡി.എഫും യു.ഡി.എഫും വിജയിച്ചു. 53 വര്‍ഷത്തോളം കെ.എം മാണി കൈവശംവച്ച പാലായും പിന്നീട് കോന്നിയും ഇടത്തേക്കു ചാഞ്ഞപ്പോള്‍ ഇടതുകോട്ടയായ അരൂര്‍ കോണ്‍ഗ്രസ് പിടിച്ചടക്കിയതുമാണ് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാറ്റം.






