ചെന്നൈ: തമിഴ്നാട്ടില്‍ പ്രതിഷേധ സമരത്തിനിടെ മുന്‍ കേന്ദ്രമന്ത്രി അടക്കം ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അമിത് ഷായെയും വിമര്‍ശിച്ച നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയ ബി.ജെ.പി നേതാക്കളായ എച്ച്. രാജ, ഗണേശന്, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്, സി.പി രാധാകൃഷ്ണന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെ മറീന ബീച്ചിലാണ് പ്രതിഷേധ സമരം നടത്തിയത്. അനുമതിയില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അതിനാലാണ് ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.
ഡിസംബര്‍ 29ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.ഡി.പി.ഐ സംഘടിപ്പിച്ച യോഗത്തിലാണ് നെല്ലൈ കണ്ണന് പ്രധാനമന്ത്രിയെയും അമിത് ഷായേയും വിമര്‍ശിച്ചത്. ഇതിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. പ്രധാനമന്ത്രിയേയും അമിത് ഷായേയും അവസാനിപ്പിക്കാന്‍ ന്യുനപക്ഷങ്ങളോട് നെല്ലൈ കണ്ണന് ആവശ്യപ്പെട്ടുവെന്നാണ് ബി.ജെ.പി വിമര്‍ശനം.






