
കെ.ജി.ജോര്‍ജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് 'യവനിക'. കലാപരമായ അംഗീകാരവും സാമ്പത്തിക നേട്ടവും ഒരേപോലെ നേടിയ യവനികയുടെ തിരക്കഥ മികച്ച കുറ്റാന്വേഷണ ചിത്രമെന്ന നിലയില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അടക്കമുള്ള സ്ഥാപനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഐ.എ.എസ്, ഐ.പി.എസ് പരിശീലനത്തിലും ഈ തിരക്കഥ പരാമര്‍ശിക്കപ്പെടാറുണ്ട്.
'യവനിക' പുറത്തിറങ്ങി 37 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ തിരക്കഥയെ സംബന്ധിച്ചുള്ള തകര്‍ക്കം കോടതി കയറാനൊരുങ്ങുകയാണ്. 1982ല്‍ മികച്ച തിരക്കഥ രചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് യവനികയിലൂടെ പങ്കിട്ടത് പ്രമുഖ നാടകതിരക്കഥാകൃത്ത് എസ്.എല്‍ പുരം സദാനന്ദനും കെ.ജി.ജോര്‍ജുമാണ്. ഇപ്പോള്‍ യു ട്യൂബിലടക്കം ലഭ്യമായിട്ടുള്ള യവനികയുടെ പ്രിന്റിലെ ടൈറ്റില്‍ കാര്‍ഡില്‍ എസ്.എല്‍ പുരത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളത് സംഭാഷണ രചയിതാവായാണ്.
ഇതു സംബന്ധിച്ചുള്ള അന്വേഷണത്തില്‍ എസ്.എല്‍ പുരത്തിന്റെ മകന് എസ്.എല്‍ പുരം ജയസോമ അര്‍ഹമായ നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2007ല്‍ ഒരു പ്രമുഖ പ്രസാധക സ്ഥാപനം യവനികയുടെ തിരക്കഥ പുസ്തകരൂപത്തില്‍ പുറത്തിറക്കിയിരുന്നു. അതിന്റെ പുറം ചട്ടയില്‍ രചയിതാവിന്റെ പേരിന്റെ സ്ഥാനത്ത് കെ.ജി.ജോര്‍ജിന്റെ പേരുമാത്രമായിരുന്നു. ഇത് വിവാദമായപ്പോള്‍ തന്റെ നോട്ടപ്പിശക് കൊണ്ട് സംഭവിച്ച പിഴവാണെന്ന് കത്തിലൂടെ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. അതോടെയാണ് നിയമനടപടികളില്‍ നിന്ന് കുടുംബം പിന്‍വാങ്ങിയത്.
എന്നാല്‍ അടുത്ത സമയത്താണ് ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ പിതാവിനെ സംഭാഷണ രചയിതാവായി മാത്രം രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ജയസോമ പറയുന്നത്. തിരക്കഥയ്ക്കുള്ള അവാര്‍ഡ് രണ്ടു പേര്‍ക്കായിട്ടാണ് നല്‍കിയതെന്ന് 82ലെ അവാര്‍ഡ് നിര്‍ണയ സമിതിയില്‍ അംഗമായിരുന്ന, ചലച്ചിത്രകാരന് വിജയകൃഷ്ണനും എസ്.എല്‍ പുരത്തിന്റെ ഭാര്യ ഓമനയെ കത്തിലൂടെ അറിയിച്ചിരുന്നു. മികച്ച തിരക്കഥസംഭാഷണ രചയിതാവിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ശില്പവും അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ഒപ്പിട്ട സാക്ഷ്യപത്രവും യവനികയുടെ പേരില്‍ എസ്.എല്‍ പുരത്തിന്റെ വീട്ടിലുണ്ട്.






