
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അദ്ദേഹത്തെ എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ആസാദിനെതിരെ നാണംകെട്ട, മനുഷ്യത്വ രഹിതമായ നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
പ്രതിഷേധങ്ങള്‍ക്കും എതിര്പ്പുകള്ക്കുമെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ ഭീരുത്വം നിറഞ്ഞതാണ്. ചന്ദ്രശേഖര്‍ ആസാദിനെ എത്രയും വേഗം ഡല്‍ഹി എയിംസിലേക്ക് മാറ്റണം-പ്രിയങ്ക ട്വീറ്റ് ചെയ്തു.
ചന്ദ്രശേഖര്‍ ആസാദ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോ. ഹര്‍ജിത് സിങ് ഭട്ടി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഡോ. ഭട്ടിയുടെ ചികിത്സയിലാണ് ആസാദ്. ആഴ്ചയില്‍ രണ്ട് തവണ രക്തം മാറേണ്ടിവരുന്ന ഫ്ളെബോടോമി എന്ന രോഗാവസ്ഥയ്ക്ക് ചികിത്സയിലാണ് ആസാദ്.
രക്തം മാറ്റിയില്ലെങ്കില്‍ രക്തം കട്ടപിടിക്കാനും ഹൃദയാഘാതമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പല തവണ ഡല്‍ഹി പോലീസിനെ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും അവര്‍ ആസാദിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഡോക്ടര്‍ ട്വീറ്റ് ചെയ്തു.







Comments