
തൃശൂര്‍: മയക്കുമരുന്ന് ഉപയോഗം പരിശോധിക്കാന്‍ എത്തിയ എക്സൈസിനെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ യുവാവ് മുങ്ങിത്താഴുന്നത് കണ്ടിട്ടും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് എക്സൈസ് ജീവനക്കാര്‍ക്കെതിരേ ആരോപണം. പരാതിക്കാരനായ നാട്ടുകാരന് പകര്‍ത്തിയ മൊബൈല്‍ വീഡിയോ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് വിമര്‍ശനം ശക്തമായിരിക്കുന്നത്.
യുവാവ് രക്ഷിക്കാന്‍ പറഞ്ഞിട്ടു പോലും എക്സൈസ് ജീവനക്കാരോ രംഗം ചിത്രീകരിച്ചയാളോ തയ്യാറായില്ല. യുവാവ് വെള്ളത്തില്‍ വീണു കിടക്കുന്നതിന്റെ ദൃശ്യമുള്ള വീഡിയോയില്‍ ഇയാള്‍ രക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും അവന് നീന്തലറിയാമെന്ന് ഒരാള്‍ ക്യാമറയ്ക്ക് പിന്നില്‍ പറയുന്നതും കേള്‍ക്കാം. ശബ്ദം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടേതാണെന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കിഴുപ്പിള്ളിയിലെ മുനയം ബണ്ടിന് സമീപത്ത് ശനിയാഴ്ചയായിരുന്നു സംഭവം. കുളത്തില്‍ കാണാതായ തൃപ്രയാര്‍ സ്വദേശി അക്ഷയ് എന്ന യുവാവിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്. യുവാക്കള്‍ ഇവിടെയിരുന്ന കഞ്ചാവ് വലിക്കുന്നതായി എക്സൈസ് സംഘത്തിന് പരാതി കിട്ടിയിരുന്നു. ഈ വിവരം അനുസരിച്ചായിരുന്നു എക്സൈസ് സംഘം പരിശോധനയ്ക്കായി എത്തിയത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന യുവാക്കള്‍ ചിതറിയോടുകയും ഇവരില്‍ അക്ഷയ് ഉള്‍പ്പെടെ രണ്ടുപേര്‍ പുഴയില്‍ ചാടുകയുമായിരുന്നു.
യുവാക്കള്‍ പുഴയില്‍ ചാടിയതോടെ എക്സൈസ് സംഘം മടങ്ങി. അക്ഷയ് രക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും എക്സൈസ് സംഘം അത് അവഗണിച്ച് പോകുകയായിരുന്നു എന്നാണ് ആരോപണം. ഈ സമയത്ത് രംഗം പകര്‍ത്തിയ ആളും രക്ഷിക്കാന്‍ ശ്രമിച്ചില്ല. യുവാക്കള്‍ ഓടുന്നത് കണ്ടാണ് ഇയാള്‍ വീഡിയോ ചിത്രീകരിക്കാനായി തയ്യാറായത്. കുറേ നാളായി ഇവിടെ യുവാക്കള്‍ മയക്കുമരുന്ന് സേവിക്കല്‍ പതിവായതിനാല്‍ കുളത്തില്‍ വീണവര്‍ കുടുങ്ങുന്നെങ്കില് കുടുങ്ങിക്കോട്ടെ എന്ന നിലപാടിലായിരുന്നു ആരും ഇടപെടാതിരുന്നത് എന്നാണ് വിവരം.
മുടന്ത് ഉണ്ടായിരുന്നതിനാല്‍ നീന്തി രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അക്ഷയ്ക്ക് നീന്തല്‍ വശമില്ലായിരുന്നെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുമ്പോള്‍ ഇയാള്‍ക്ക് നീന്തല്‍ അറിയാമായിരുന്നെന്നും നീന്തുന്നത് കണ്ടിട്ടുണ്ടെന്ന് മറ്റു ചിലരും പറയുന്നുണ്ട്.






